കൊല്ലത്തെ വൈ.എം.സി.എ ഏറ്റെടുക്കലിന് പിന്നില്‍ ഇടയലേഖനത്തോടുള്ള പ്രതികാരമെന്ന് ആക്ഷേപം
കൊല്ലം: നഗരഹൃദയത്തിലെ വൈ.എം.സി.എ ഏറ്റെടുത്ത നടപടിക്ക് പിന്നില്‍ തെരഞ്ഞെടുപ്പു സമയത്ത് ഇറങ്ങിയ ലത്തീന്‍ സഭയുടെ ഇടയലേഖനത്തിനോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം.
പാട്ടക്കരാര്‍ ലംഘനത്തെ തുടര്‍ന്നായിരുന്നു 50 കോടി രൂപ വിലമതിക്കുന്ന കുത്തകപ്പാട്ടഭൂമി തിരിച്ചെടുക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങിയത്. അതിന്റെ ഭാഗമായി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് റവന്യൂ- പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കഴിഞ്ഞദിവസം പുറമ്പോക്ക് ബോര്‍ഡ് സ്ഥാപിച്ചു. ദീര്‍ഘനാളായുള്ള വ്യവഹാരത്തിന് ഒടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരേ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സമരത്തില്‍ മൂന്നു ക്രൈസ്തവ സഭകളിലെ ബിഷപ്പുമാര്‍ പങ്കെടുത്തു. ലത്തീന്‍സഭ കൊല്ലം രൂപത അധ്യക്ഷന്‍ പോള്‍ ആന്റണി മുല്ലശേരി, ഓര്‍ത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ സക്കറിയാസ് മാര്‍ അന്തോണിയോസ്, സി.എസ്.ഐ സഭ ബിഷപ്പ് ഉമ്മന്‍ ജോര്‍ജ് എന്നിവരാണ് വൈ.എം.സി.എ കവാടത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്. സ്ഥലം ഏറ്റെടുക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നായിരുന്നു ബിഷപ്പുമാര്‍ കുറ്റപ്പെടുത്തിയത്.
ഇതിനിടെയാണ് സംഭവം സര്‍ക്കാരിന്റ പ്രതികാര നടപടിയുടെ ഭാഗമാണെന്ന തരത്തില്‍ സഭകളുടെ തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയത്.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലാണ് ലത്തീന്‍ സഭ സര്‍ക്കാരിനെതിരേ നിലപാടെടുത്തത്. രണ്ടുതവണയായി ഇടയലേഖനം പുറത്തിറക്കുകയും ചെയ്തു. തീരദേശ ജനതയെ സര്‍ക്കാര്‍ വഞ്ചിക്കുന്നു എന്ന നിലയിലായിരുന്നു ഇടയലേഖനങ്ങള്‍. മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായും ഇടയലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരദേശ മണ്ഡലങ്ങളില്‍ ഇടയലേഖനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എതിരായ വികാരമായി മാറി. അരൂര്‍ മുതല്‍ കൊല്ലം വരെയുള്ള മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ കരുനാഗപ്പള്ളിയിലും കുണ്ടറയിലും യു.ഡി.എഫ് വിജയിക്കുകയും ചെയ്തു. എന്നാല്‍ അടുത്തയാഴ്ച മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുളള നീക്കത്തിലാണ് വൈ.എം.സി.എ നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."