ഭരണഘടനാവകാശങ്ങള്‍ക്കെതിരായ ഭൂരിപക്ഷ പ്രവണത ചോദ്യം ചെയ്യപ്പെടണം
ജീവിക്കാനുള്ള സാഹചര്യവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം
ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കെതിരായ ഭൂരിപക്ഷ പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
പിതാവും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഡിന്റെ 101ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ലിംഗസമത്വം, ജാതിസമത്വം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളാണ്. ഇതിനെതിരേ ഉയര്‍ന്നുവരുന്ന ഭൂരിപക്ഷ താല്‍പര്യം ചോദ്യം ചെയ്യലിനു വിധേയമാകണം.
ജീവിക്കാനുള്ള സാഹചര്യവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.
പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ദിശ കാണിക്കുന്ന നക്ഷത്രമാണ് ഭരണഘടന. ഓരോ പൗരനും ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇന്ത്യാരാജ്യം രൂപംകൊണ്ടത്. പൂര്‍വികര്‍ ഭരണഘടനാപരമായി പൗരര്‍ക്കു നല്‍കിയ അവകാശങ്ങള്‍ സ്വേച്ഛാധിപത്യത്തെ അസ്വസ്ഥമാക്കും.
സ്വാതന്ത്യത്തിനെതിരായ നീക്കം ഭരണകൂടത്തില്‍നിന്ന് തന്നെയുണ്ടാകും. സമൂഹത്തില്‍നിന്ന് അസഹിഷ്ണുതയുമുണ്ടാകും. ഭൂരിപക്ഷ താല്‍പര്യങ്ങളെ ചോദ്യം ചെയ്യാനുള്ള പ്രാഥമിക ഊര്‍ജം ഭരണഘടനയാണ്. അതു നിങ്ങള്‍ക്ക് സുരക്ഷയും കവചവും നല്‍കും. ശാസ്ത്രീയ ബോധം വളര്‍ത്താനും മുന്നേറ്റമുണ്ടാക്കാനും ഭരണഘടന സഹായിക്കും.
കൊളോണിയല്‍ കാലഘട്ടത്തില്‍നിന്ന് മോചിപ്പിക്കുക മാത്രമല്ല ഭരണഘടന ചെയ്തത്.
വര്‍ഗീയ ലഹളകളെയും അടിച്ചമര്‍ത്തുന്ന ജാതി വ്യവസ്ഥയെയും വെല്ലുവിളിക്കുക കൂടി ചെയ്തു. സ്വാതന്ത്ര്യവും സമത്വവും പവിത്രമായ പ്രതിജ്ഞയായി കരുതിയിരുന്ന മുന്‍ഗാമികളെ അസ്വസ്ഥമാക്കുന്നതാണ് അധികാരത്തോടുള്ള വിധേയത്വമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."