ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കണം: പി.കെ ജയലക്ഷ്മി
മാനന്തവാടി: ആദിവാസി വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കുന്നതിനുവേണ്ടി ആരംഭിച്ച ഗോത്രസാരഥി പദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്ന് മുന്‍ പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗോത്രസാരഥി പദ്ധതി നിര്‍ത്തലാക്കിയതിനാല്‍ ദുര്‍ഘട പ്രദേശങ്ങളില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകുന്നില്ല. 2013ലാണ് ഈ പദ്ധതി ആരംഭിച്ചത്.
ഗതാഗതം ഇല്ലാത്ത പ്രദേശങ്ങളില്‍ അധിവസിക്കുന്ന കുട്ടികളെ ഓട്ടോറിക്ഷയിലും ജീപ്പിലും മറ്റു വാഹനങ്ങളിലും സ്കൂളില്‍ എത്തിച്ചിരുന്നു. ഇതിനുള്ള മുഴുവന്‍ ചിലവും സര്‍ക്കാരാണ് വഹിച്ചിരുന്നത്. 11000ത്തില്‍ അധികം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. വാഹന സൗകര്യം ഏര്‍പ്പെടുത്തിയതോടെ കോളനികളില്‍ നിന്നും ഊരുകളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കാനും കൊഴിഞ്ഞുപോക്ക് തടയാനും കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പണം നല്‍കാതെ ഈ വര്‍ഷം പദ്ധതി അട്ടിമറിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
സ്കൂള്‍ തുറന്ന് ഓണപരീക്ഷ ആയിട്ടും പദ്ധതി ആരംഭിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സാധരണമായിരിക്കുകയാണ്. ഇവരെ തിരിച്ച് സ്കൂളില്‍ എത്തിക്കുവാനുള്ള തുടര്‍നടപടിയൊന്നും പട്ടികവര്‍ഗ്ഗ വകുപ്പ് സ്വീകരിച്ചിട്ടില്ല. എത്രയും വേഗം പദ്ധതി പുനരാരംഭിക്കുവാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."