മന്ത്രിയുടെ ഇടപെടലില്‍ അസ്വഭാവികതയില്ല; ശശീന്ദ്രന് രാജിവേണ്ടെന്ന നിലപാടില്‍ സി.പി.എം
തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ല. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന.
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ശശീന്ദ്രന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ എത്തിയത്. മന്ത്രിയുടെ വിശദീകരണം കേട്ട മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ലെന്നാണ് വിവരം.
ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സി.പി.എം വിലയിരുത്തുന്നു.
അതേസമയം എകെജി സെന്ററില്‍ സിപിഎം അവെയ്ലബിള് സെക്രട്ടേറിയേറ്റ് യോഗം ചേരുകയാണ്. വിഷയത്തില്‍ പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ സിപിഎം സ്വീകരിക്കുന്ന നിലപാടിലാണ് എന്‍സിപിയും ഉറ്റുനോക്കുന്നത്.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന് വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."