നിപ: തിരുവനന്തപുരത്ത് വിദ്യാര്‍ഥി നിരീക്ഷണത്തില്‍; മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്നെത്തും
നിപ: തിരുവനന്തപുരത്ത് വിദ്യാര്‍ഥി നിരീക്ഷണത്തില്‍; മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്നെത്തും
തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധയെന്ന് ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍ അറിയിച്ചു.
കടുത്ത പനിയെതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ തോന്നിയതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കി. വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശയിക്കുന്നെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം എത്തിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂവെന്നും ഡോ. നിസാറുദ്ദീന്‍ പറഞ്ഞു.
നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി...
അതിനിടെ കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയില്‍ എത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ സംഘം നല്‍കും.
നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴുപഞ്ചായത്തുകളിലായി 43 വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ആരോഗ്യജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിള്ളവര്‍ മാസ്‌ക് ഉപയോഗിക്കുന്നത് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗലക്ഷണമുളളവര്‍ സ്വന്തം നിലയില്‍ യാത്ര ചെയ്യാതെ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നാണ് നിര്‍ദേശം. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക,തുറന്നിരിക്കുന്ന വെള്ളം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേര്‍ക്കുമായി 168 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."