ആസ്‌ട്രേലിയ സ്വപ്‌നം കാണുന്നവര്‍ക്ക് വമ്പന്‍ അവസരം; സ്റ്റുഡന്റ് വിസകള്‍ ഇനി വേഗത്തില്‍ ലഭിക്കും; കാലതാമസം വെട്ടിക്കുറച്ച് സര്‍ക്കാര്‍
ആസ്‌ട്രേലിയ സ്വപ്‌നം കാണുന്നവര്‍ക്ക് വമ്പന്‍ അവസരം; സ്റ്റുഡന്റ് വിസകള്‍ ഇനി വേഗത്തില്‍ ലഭിക്കും; കാലതാമസം വെട്ടിക്കുറച്ച് സര്‍ക്കാര്‍
വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയ ഇടമാണ് ആസ്‌ട്രേലിയ. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇതിനോടകം തന്നെ ആസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ജോലിക്കായും, പഠനത്തിനായും മറ്റ് ബിസിനസ് സംരംഭങ്ങള്‍ക്കായുമാണ് പലരും കങ്കാരുപ്പടയുടെ നാട്ടിലേക്ക് വിമാനം കയറുന്നത്. മെച്ചപ്പെട്ട തൊഴിലിടങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഇന്ത്യയെ അപേക്ഷിച്ച് മെച്ചപ്പെട്ട് ജീവിത സൗകര്യവും ഉയര്‍ന്ന ശമ്പള നിരക്കുമാണ് പലരെയും ആസ്‌ട്രേലിയയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ആസ്‌ട്രേലിയ ലക്ഷ്യം വെക്കുന്ന ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങളിലൊന്നാണ് സ്റ്റുഡന്റ് വിസകള്‍. ഏതെങ്കിലും ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയതിന് ശേഷം അവിടെ തന്നെ ജോലി നോക്കി സ്ഥിര താമസമാക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ മലയാളികള്‍ക്കിടയിലും ആസ്‌ട്രേലിയന്‍ വിദ്യാര്‍ഥി വിസക്ക് വമ്പിച്ച സ്വീകാര്യതയാണുള്ളത്.
പക്ഷെ ആസ്‌ട്രേലിയയുടെ ശക്തമായ എമിഗ്രേഷന്‍ നിയമങ്ങളും വിസ നടപടികള്‍ക്കുള്ള കാലതാമസവും ആസ്‌ട്രേലിയ സ്വപ്‌നം കാണുന്നവര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. അത്തരത്തില്‍ വിസക്കായി കാത്ത് നിന്ന് മുഷിഞ്ഞവര്‍ക്കായൊരു സന്തോഷ വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.
ആസ്‌ട്രേലിയ തങ്ങളുടെ സ്റ്റുഡന്റ് വിസ നടപടിക്രമങ്ങള്‍ക്കുള്ള കാലതാമസം 16 ദിവസമായി കുറച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്‍. കൊവിഡിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധിമൂലം വിദേശികള്‍ക്കുള്ള വിസ നടപടികളില്‍ വലിയ കാലതാമസം ഉണ്ടാക്കിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. അതില്‍ നിന്ന് കരകയറാനായാണ് തങ്ങളുടെ വിസ പ്രൊസസിങ് നടപടികളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് ആസ്‌ട്രേലിയ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിയമം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസ്‌ട്രേലിയ തങ്ങളുടെ വിസ നടപടികളിലുള്ള കാലതാമസം കുറച്ച് കൊണ്ടുവരാനായി പുതിയ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പ് അടുത്തിടെ വിസ പ്രൊസസ്സിങ് നടപടികള്‍ക്കായി ബജറ്റില്‍ 48.1 മില്യണ്‍ ഡോളറിന്റെ ആസൂത്രിത വിഹിതം അനുവദിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് 600 പുതിയ സ്റ്റാഫ് അംഗങ്ങളെയും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് റിക്രൂട്ട് ചെയ്താണ് വിസ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 16 ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റുഡന്റ് വിസകളുടെ പ്രൊസസിങ് പൂര്‍ത്തിയാക്കി നല്‍കാനാണ് തീരുമാനം.
അതേസമയം പുതിയ വിസ നിയമങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികളുടെ സഹകരണം ആവശ്യമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് എട്ട് മാസം മുമ്പെങ്കിലും സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിക്കണമെന്നാണ് നിര്‍ദേശമുള്ളത്.
സാമ്പത്തിക സുരക്ഷയിലും മാറ്റം
2023 ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ മിനിമം ബാങ്ക് ബാലന്‍സിലും മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി വിസകള്‍ വഴി രാജ്യത്തെത്തുന്നവര്‍ക്ക് ഇനിമുതല്‍ 24,505 ആസ്‌ട്രേലിയന്‍ ഡോളര്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണമെന്നാണ് നിയമം. ആസ്‌ട്രേലിയയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടി ആവശ്യമായ സാമ്പത്തിക ഭദ്രത വിദ്യാര്‍ഥികള്‍ക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."