രാജ്ഭവനിലെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കണമെന്ന് ഗവർണർ; ആവശ്യം തള്ളി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ. ചില തസ്തികകൾക്ക് ശമ്പളം കൂട്ടി നൽകണമെന്നാണ് ആവശ്യം.
ഇതാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും ശമ്പളം വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി രാജ്ഭവനിലെ ജീവനക്കാർക്കും ശമ്പളം വർധിപ്പിച്ചെങ്കിലും ചില തസ്തികകൾക്ക് ആവശ്യപ്പെട്ട ശമ്പള സ്‌കെയിൽ ലഭിച്ചില്ലെന്നാണ് രാജ്ഭവന്റെ പരാതി. കംപ്‌ട്രോളർ, അറ്റെൻഡർ, ഹെഡ് ബട്‌ലർ, ഷോഫർ (ഡ്രൈവർ) എന്നീ തസ്തികകൾക്കാണ് രാജ്ഭവൻ ശമ്പള വർധനവ് ആവശ്യപ്പെട്ടത്.
കംപ്‌ട്രോളർ തസ്തികക്ക് ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്‌കെയിൽ ലഭിക്കണമെന്നാണ് രാജ്ഭവന്റെ ആവശ്യം. എന്നാൽ രാജ്ഭവനിലെ നിയമനങ്ങൾക്ക് സ്‌പെഷ്യൽ റൂൾ നിലവിൽ ഇല്ലെന്നും നിയമനങ്ങൾ ചട്ടപ്രകാരമല്ലെന്നും ചൂണ്ടികാട്ടിയാണ് ചീഫ് സെക്രട്ടറി രാജ്ഭവന്റെ ആവശ്യം തള്ളിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതിയോടെ ഗവർണറുടെ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത്.
157 സ്റ്റാഫുകളാണ് കേരള രാജ്ഭവനിലുള്ളത്. ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും രാജ്ഭവന്റെ ദൈനംദിന ചെലവുകളും ഗവർണറുടെയും ഉദ്യോഗസ്ഥരുടെ ശമ്പളവും നൽകുന്നത് സംസ്ഥാന സർക്കാരാണ്. കഴിഞ്ഞ ബജറ്റിൽ രാജ്ഭവന്റെ ചെലവുകൾക്കായി വകയിരുത്തിയത് 10.86 കോടി രൂപയാണ്.
ഇതിൽ എട്ടു കോടിയോളം ജീവനക്കാരുടെ ശമ്പളത്തിനു മാത്രമാണ് ചെലവഴിക്കുന്നത്. 42 ലക്ഷമാണ് ഗവർണറുടെ ശമ്പളത്തിനായി ഒരു വർഷം ബജറ്റിൽ നീക്കിവയ്ക്കുന്നത്. സംസ്ഥാന ബജറ്റിൽ രാജ്ഭവൻ എന്ന ശീർഷകത്തിലാണ് ഈ തുക വകയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."