കേന്ദ്രനേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പ്രതിനിധികൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രതിനിധികൾ. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ഐക്യം ഉണ്ടാകണമെന്നു പറയുന്ന പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഇപ്പോൾ രാജ്യത്ത് സ്വന്തം പാർട്ടിയുടെ അവസ്ഥയെന്തെന്നു മനസിലാക്കുന്നതു നല്ലതാണെന്നു സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.ഐയ്ക്കു ലഭിച്ച വോട്ടിങ് ശതമാനം ലജ്ജാകരമാണ്. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള വഴി കണ്ടിട്ട് വേണം ദേശീയ രാഷ്ട്രീയത്തിൽ ബദലിന് വേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തെ വിമർശിച്ച് പ്രതിനിധികൾ പറഞ്ഞു.
ഒന്നിനും കൊള്ളാത്ത ഒരു നേതൃത്വമായി പാർട്ടി കേന്ദ്ര ഘടകം മാറി. ജനറൽ സെക്രട്ടറി ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പറഞ്ഞതുകൊണ്ടു മാത്രം പാർട്ടി ഇന്ത്യയിൽ വളരില്ലെന്നും മികച്ച നേതൃത്വമാണു ഇനി പാർട്ടിയെ നയിക്കാൻ വേണ്ടതെന്നും ഇന്നലെ നടന്ന രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പ്രതിനിധികൾ വിമർശനം നടത്തി. ജനറൽ സെക്രട്ടറി വേദിയിൽ ഉള്ളപ്പോൾ തന്നെയാണു പ്രതിനിധികൾ അദ്ദേഹത്തിനെതിരെയും രൂക്ഷ വിമർശനം നടത്തിയത്.
ഇടതുമുന്നണിയുടെ കെട്ടുറപ്പായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അനുസ്മരിച്ചാണ് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ വേർപാടിനെ തുടർന്ന് ഇന്നലെ നടത്താനിരുന്ന ആഘോഷങ്ങളെല്ലാം ഒഴിവാക്കി. പ്രതിനിധി സമ്മേളനം ആരംഭിച്ചതിനാലും സമ്മേളനത്തിൽ മറ്റു നടപടികൾ വെട്ടി ച്ചുരുക്കാൻ കഴിയാെത വന്നതിനാലും സമ്മേളനം തുടരുകയായിരുന്നു. സി.പി.ഐയെ പ്രതിനിധീകരിച്ച് ദേശീയ കൗൺസിൽ അംഗം ബിനോയി വിശ്വത്തെ കോടിയേരിയുടെ സംസ്കര ചടങ്ങിൽ പങ്കെടുക്കാൻ സമ്മേളനം ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."