വെള്ളി: വിശ്വാസികളുടെ വിശേഷദിനം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
കൊവിഡ്കാല നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റപ്പെട്ടപ്പോഴും വെള്ളിയാഴ്ചകളിലെ വിശേഷ നിസ്‌കാരത്തിനായി ഒരുമിക്കാന്‍ അനുവദിക്കപ്പെടാതിരുന്നപ്പോള്‍ മുസ്‌ലിംകള്‍ക്ക് സമരമുഖത്തിറങ്ങേണ്ടി വന്നതിന്റെ സാംഗത്യം ഇനിയും ബോധ്യപ്പെടാത്തവരുണ്ടെന്നാണ് ഇതിലെ വിവാദം അണയാന്‍ അനുവദിക്കാത്തതിനു പിന്നിലെന്ന് കരുതണം. ഭരണാധികാരികളെ അനുസരിക്കാനും നിയമവാഴ്ച നിലനിര്‍ത്താനും മതപരമായിത്തന്നെ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹം അനീതിയും അസമത്വവും മറനീക്കിയ വേളയിലാണ് അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത്. ഇത്തിരി വൈകിയാണെങ്കില്‍കൂടി അധികാരികള്‍ കണ്ണുതുറന്നതില്‍ സന്തോഷമുണ്ട്.
മുസ്‌ലിമിന് അവന്റെ മതം ഒരു വിശ്വാസ സംഹിത എന്നതോടൊപ്പം ജീവിതക്രമം കൂടിയാണ്. വെള്ളിയാഴ്ച ഒരാഴ്ചക്കാല വിശുദ്ധിക്കായുള്ള ഊര്‍ജസ്രോതസാണ്. പൂര്‍ണാര്‍ഥത്തില്‍ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധി കൈവരിക്കാനുള്ള സന്ദേശം നല്‍കിയും സാഹചര്യം ഒരുക്കിയുമാണ് വെള്ളിയാഴ്ച വിരുന്നെത്തുന്നത്. ഒരാഴ്ച നീളം നില്‍ക്കുന്ന വെണ്മയുടെ സാന്നിധ്യം ഫലത്തില്‍ പരിപാവനത്വത്തിന്റെ നൈരന്തര്യമാണ് സൃഷ്ടിക്കുന്നത്. പ്രവാചകന്‍ (സ്വ) പറഞ്ഞു: അഞ്ചുനേര നിസ്‌കാരങ്ങളും അടുത്തടുത്ത രണ്ടു ജുമുഅകളും അവയ്ക്കിടയില്‍ സംഭവിച്ചതിനു പ്രായശ്ചിത്തമാകുന്നതാണ് (മുസ്‌ലിം). ഈ ദിനത്തിന്റെ പവിത്രത കൊണ്ടുതന്നെയാണ് മുസ്‌ലിംകളുടെ പ്രാദേശിക സംഗമദിനമായി അല്ലാഹു ഈ ദിവസത്തെ തിരഞ്ഞെടുത്തതും മറ്റെല്ലാം മാറ്റിവച്ച് ജുമുഅ നിസ്‌കാരത്തിലേക്ക് ഔത്സുക്യം കാണിക്കാന്‍ ആജ്ഞാപിച്ചതും. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, വെള്ളിയാഴ്ച നിസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസിലാക്കുന്നുവെങ്കില്‍. (അല്‍ ജുമുഅ- 9)
മുഹമ്മദ് നബി (സ്വ)യുടെ സമുദായത്തിന് അല്ലാഹു പ്രത്യേകമാക്കി നല്‍കിയ ദിവസമാണ് വെള്ളിയാഴ്ച. മുന്‍കാല സമൂഹത്തിന് ജുമുഅ നല്‍കിയിരുന്നു. എന്നാല്‍ അവര്‍ തര്‍ക്കിച്ച് അതിനെ അവഗണിച്ചു. തുടര്‍ന്ന് അല്ലാഹു ആ മഹാദിനത്തെ മുഹമ്മദ് നബിയുടെ സമുദായത്തിനായി മാറ്റിവയ്ക്കുകയും പെരുന്നാളായി അവര്‍ക്കു നല്‍കുകയും ചെയ്തു (ബുഖാരി). സൂര്യനുദിക്കുന്ന ദിവസങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ്. ദിനങ്ങളുടെ നായകത്വം വെള്ളിക്കാണെന്നും സകല ദിനങ്ങളെക്കാളും ചെറിയ, വലിയ പെരുന്നാളുകളേക്കാള്‍ പോലും, അല്ലാഹുവിന്റെയടുത്ത് മഹത്വം ഈ ദിനത്തിനാണെന്നും നബി പഠിപ്പിച്ചിട്ടുണ്ട്. തന്റെ മരണം വെള്ളിയാഴ്ച രാവിലോ പകലിലോ ആവാനാണ് വിശ്വാസി ആഗ്രഹിക്കുക. അതവന്റെ പാരത്രിക വിജയത്തിന്റെ അടയാളമായി അവന്‍ കണക്കാക്കുന്നു. ആദം നബി (അ)യെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും വെള്ളിയാഴ്ചയാണ്. മനുഷ്യപിതാവ് പിന്നീട് ഭൂമിയില്‍ താമസമാക്കിയതും ഈ ദിനത്തില്‍തന്നെ. അല്ലാഹു ആദം നബി (അ)യെ അനുഗ്രഹിച്ചതും ആദം നബി (അ) വഫാത്തായതും ഈ ദിവസത്തിലാണ്. സ്വര്‍ഗവാസികള്‍ക്ക് അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യം ലഭിക്കുന്നതും വെള്ളിയാഴ്ചയാണ്. മലക്കുകള്‍ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്ന ദിവസമായിട്ടാണ് ഈ ദിവസത്തെ കാണുന്നത്.
ഒരിക്കല്‍ മാലാഖ ജിബ്‌രീല്‍ (അ) നബി (സ്വ)യുടെ അടുത്തുവന്ന് പറഞ്ഞു: തങ്ങള്‍ക്കും തങ്ങളുടെ പിന്‍ഗാമികള്‍ക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിര്‍ബന്ധമാക്കിയിട്ടുള്ളത്. നബി (സ്വ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങള്‍ക്ക് ലഭിക്കുക. ജിബ്‌രീല്‍ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനുവേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നല്‍കും. അതവന് ഉപകരിക്കില്ലെങ്കില്‍ അതിനേക്കാള്‍ വലിയത് അവനുവേണ്ടി അല്ലാഹു സൂക്ഷിച്ചുവയ്ക്കും. അല്ലെങ്കില്‍ അവന് ഏല്‍ക്കേണ്ടിവരുന്ന വലിയ അപകടത്തില്‍നിന്ന് അവനെ സംരക്ഷിക്കും.
ജിബ്‌രീല്‍ (അ) തുടര്‍ന്നു. ഞങ്ങളുടെ അടുക്കല്‍ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളി. ഞങ്ങള്‍ അതിനെ വിളിക്കുന്നത് വര്‍ധനവിന്റെ ദിനമെന്നാണ്. നബി (സ്വ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീല്‍ മറുപടി നല്‍കി. നല്ല വെണ്മയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വര്‍ഗത്തില്‍ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തില്‍ അല്ലാഹുവിനെ ദര്‍ശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു (ത്വബ്‌റാനി).
പെരുന്നാള്‍ ദിനമായാണ് വെള്ളിയാഴ്ചയെ പരിഗണിക്കുന്നത്. ഫഖീര്‍, മിസ്‌കീന്‍മാരുടെ ഹജ്ജെന്ന ഖ്യാതിയും അതിനുണ്ട്. വെള്ളിയാഴ്ച മാത്രമായി നോമ്പെടുക്കല്‍ മതം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍, വ്യാഴം ദിനങ്ങളിലാണ് നോമ്പ് സുന്നത്തുള്ളത്.പെരുന്നാള്‍ ദിനത്തിലെന്നപോലെ സുഭിക്ഷമായി ഭക്ഷണം കഴിക്കാനും കുടുംബബന്ധം ചേര്‍ക്കാനും രോഗികളെ സന്ദര്‍ശിക്കാനും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു. പകല്‍ അറഫാ ദിനത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് ഇമാം അഹ്മദ് (റ) പറയുന്നു. വെള്ളിയാഴ്ചരാവ് ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ പവിത്രതയേറിയതാണെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്. നികാഹിനും ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാണെന്നു പണ്ഡിതര്‍ പറയുന്നു. ആദം നബി (അ)യും ഹവ്വാ ബീവിയും, മൂസാ നബിയും സഫൂറാ ബീവിയും, യൂസുഫ് നബിയും സുലൈഖാ ബീവിയും, സുലൈമാന്‍ നബിയും ബില്‍ഖീസും, മുഹമ്മദ് നബിയും ഖദീജാ ബീവിയും ആഇശാ ബീവിയും, അലി (റ)യും ഫാത്വിമ ബീവിയും തമ്മിലുള്ള വിവാഹങ്ങള്‍ നടന്നതും വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ചയിലെ പ്രധാന കര്‍മമാണ് ജുമുഅ നിസ്‌കാരം. 'അത് അവഗണിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണം, അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങള്‍ മുദ്രയടിക്കപ്പെടും. അങ്ങനെ അവര്‍ അശ്രദ്ധരില്‍ പെട്ടുപോകും' (മുസ്‌ലിം). മൂന്നു ജുമുഅകള്‍ അകാരണമായി ഉപേക്ഷിച്ചാല്‍ ഹൃദയം കല്ലിച്ചുപോകാന്‍ ഇടയാകുമെന്ന് നബി (സ്വ). ജുമുഅ നഷ്ടപ്പെടുമെന്നു കണ്ടാല്‍ വെള്ളിയാഴ്ച രാവില്‍ യാത്രപോകല്‍ കറാഹത്താണ്. വെള്ളിയാഴ്ച പ്രഭാതമായാല്‍ ജുമുഅ നഷ്ടപ്പെടുമെന്നു കണ്ടാല്‍ യാത്രപോകല്‍ കൂട്ടുകാരെ തൊട്ട് ഒറ്റപ്പെട്ടുപോകുമെന്ന പേടിയില്ലെങ്കില്‍ ഹറാമാണ്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം മഹത്തരമായ പ്രതിഫലം പ്രതീക്ഷിക്കാവുന്ന ദിവസമാണ് ജുമുഅ ദിനം. ആയുഷ്‌കാലത്തില്‍ ഒരു ജുമുഅ നഷ്ടപ്പെടുന്നതുതന്നെ വലിയ ഖേദമുളവാക്കും. ഔസുബ്‌നു ഔസിസ്സഖഫി (റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഒരാള്‍ വെള്ളിയാഴ്ച ദിനം നേരത്തെ കുളിച്ച് പള്ളിയിലേക്ക് നടന്നുപോവുകയും ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുകയും അനാവശ്യം പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ ഓരോ ചവിട്ടടിയും ഓരോ വര്‍ഷം നോമ്പനുഷ്ഠിച്ചാലുള്ള പ്രതിഫലമാണ് (ത്വബ്‌റാനി, മക്ഹൂല്‍). ഒരാള്‍ പൂര്‍ണമായി അംഗസ്‌നാനം ചെയ്യുകയും ശേഷം ജുമുഅക്ക് പോവുകയും ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്താല്‍ അവന്റെ പത്തു ദിവസത്തെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്. ആരെങ്കിലും ചരല്‍ക്കല്ല് തൊട്ടാല്‍ അവന്റെ ജുമുഅയുടെ പുണ്യം നഷ്ടപ്പെടും (മുസ്‌ലിം). ചരല്‍ക്കല്ല് തൊടരുത് എന്നതിന്റെ ഉദ്ദേശ്യം ഖുതുബയുടെ സമയത്ത് അര്‍ഥശൂന്യമായ ഒരു പ്രവര്‍ത്തനവും നടത്തരുതെന്നാണ്. ഹൃദയത്തോടൊപ്പം മറ്റ് അവയവങ്ങളും ഖുതുബയിലേക്ക് കേന്ദ്രീകരിക്കണം (ശര്‍ഹു മുസ്‌ലിം). ഫോണ്‍ പോലോത്തതുകൊണ്ട് വിനോദത്തിലേര്‍പ്പെട്ടാല്‍ സംസാരിക്കുന്നില്ലെങ്കില്‍ പോലും ജുമുഅയുടെ പുണ്യം നഷ്ടപ്പെട്ടേക്കും.
ജുമുഅ നിസ്‌കരിക്കാനായി നേരത്തെ പോകുന്നതിനനുസരിച്ച് കൂടുതല്‍ പ്രതിഫലമുണ്ട്. വെള്ളിയാഴ്ച പകലിന്റെ ആദ്യ സമയം പോകുന്നവന് ഒരു ഒട്ടകത്തെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും രണ്ടാമത്തെ സമയം പോകുന്നവന് ഒരു മാടിനെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും മൂന്നാം സമയം പോകുന്നവന് ആടിനെ അറുത്ത് ദാനം ചെയ്ത കൂലിയും നാലാം സമയം പോകുന്നവന് കോഴിയെ അറുത്ത് ദാനം ചെയ്ത കൂലിയും അഞ്ചാം സമയം പോകുന്നവര്‍ക്ക് ഒരു കിളിയെ അറുത്ത് ദാനം ചെയ്ത കൂലിയുമാണുള്ളതെന്ന് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു.
അന്ത്യനാള്‍ സംഭവിക്കുക വെള്ളിയാഴ്ച ദിവസത്തിലാണ്. അതുകൊണ്ടുതന്നെ ഭയപ്പാടോടെ കാണേണ്ട ദിനം കൂടിയാണ് വെള്ളി. വെള്ളിയാഴ്ചകളില്‍, ആകാശ ഭൂമികളും കടലും കാറ്റും മാമലകളും അല്ലാഹുവിന്റെ ഇഷ്ട മാലാഖമാര്‍ പോലും അരുണോദയം വരെ ആകുലരായിരിക്കും. വാന, ഭുവനവാസികളെല്ലാം ചലനമറ്റു വീഴുന്ന സ്വൂര്‍ കാഹള മുഴക്കം, അതിശക്തമായ പിടിത്തം... തുടങ്ങി കുഞ്ഞുങ്ങള്‍ പോലും നരച്ചുപോകുന്ന ലോകാവസാനത്തിന്റെ പല വിഹ്വലതകളും വെള്ളിയാഴ്ചയാണ് സംഭവിക്കുക. എന്നാല്‍, സകല ജീവികളും ചകിതരായി നില്‍ക്കുമ്പോഴും മനുഷ്യ ജിന്ന് സമൂഹങ്ങള്‍ മാത്രം ആശങ്കയേതുമേശാതെ വിഡ്ഢികളുടെ സ്വര്‍ഗത്തിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."