വിലാപയാത്ര പയ്യാമ്പലത്തേക്ക്; അനുഗമിച്ച് മുഖ്യമന്ത്രിയും നേതാക്കളും
കണ്ണൂര്‍: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍. കണ്ണൂരിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 3ന് പയ്യാമ്പലത്താണ് സംസ്‌കാരം. ഇ.കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചിരുന്നു.
തലശ്ശേരി നഗരസഭ ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ ഇന്നലെ പതിനായിരങ്ങളാണ് പ്രിയസഖാവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വൈകിയും ടൗണ്‍ ഹാളിലേക്ക് ജനസഞ്ചയമൊഴുകിയെത്തി. പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളില്‍ രാത്രി വൈകുവോളം മുഖ്യമന്ത്രിയും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടെ ആരംഭിച്ച പൊതുദര്‍ശനത്തില്‍ കൊടിയേരിയുടെ മൃതശരീരത്തില്‍ ആദ്യം പുഷ്പചക്രമര്‍പ്പിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളുമായിരുന്നു. പിന്നീടങ്ങോട്ട് അണമുറിയാത്ത ജനസാഗരം പ്രിയ സഖാവിനെ അവസാനമായി കാണാനെത്തി.
കടുത്ത വെയില്‍ വകവെക്കാതെ ഏറെ നേരം ക്യൂ നിന്നാണ് പലരും ടൗണ്‍ ഹാളിലെത്തിയത്. തിരക്ക് വര്‍ധിച്ചതോടെ പൊതു ദര്‍ശനം രാത്രി വൈകിയും നീണ്ടു. ഒടുവില്‍ 10 മണിയ്ക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ടൗണ്‍ ഹാളില്‍ നിന്നെടുത്തു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ജന്മനാടും സഖാക്കളും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."