'സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ അതേപടി നിലനിര്‍ത്തണം'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍, സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ അതേപടി നിലനിര്‍ത്തണമെന്ന നിലപാട് നിയമസഭയില്‍ വ്യക്തമാക്കി പ്രതിപക്ഷം. മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മിഷന്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കുകയും മറ്റു സമുദായങ്ങള്‍ക്കായി ജനസംഖ്യാനുപാതികമായ സ്‌കീമുകള്‍ നല്‍കുകയുമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കള്‍ നിയമസഭയില്‍ പറഞ്ഞു. ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നേതാക്കള്‍ നിലപാട് ഏകസ്വരത്തില്‍ വ്യക്തമാക്കിയത്.
സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് ഒറ്റ അഭിപ്രായമാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫ് അങ്ങനെയായിരുന്നില്ല. അപ്പീല്‍ പോകണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് മാണി (എം) ആവശ്യപ്പെട്ടത്. സി.പി.എമ്മിനും സി.പി.ഐക്കും അഭിപ്രായം പോലുമില്ലായിരുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശയില്‍നിന്നു ഉരുത്തിരിഞ്ഞതാണ്. മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 72 ശുപാര്‍ശകളാണ് സച്ചാര്‍ കമ്മിഷന്‍ മുന്നോട്ടുവച്ചത്. പാലോളി കമ്മിഷനും ഇതുതന്നെയാണ് പറഞ്ഞത്. അവ പ്രത്യേക സ്‌കീമായി അതേപടി നിലനിര്‍ത്തണം. അതോടൊപ്പം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ ക്രിസ്ത്യാനിള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കാതിരിക്കുകയും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി നല്‍കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതില്‍ അവസാനത്തെ രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടാണ് തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞത്. എന്നാല്‍ സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍, ക്രൈസ്തവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട കോശി കമ്മിഷന്‍ ശുപാര്‍ശകളും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഒരു അവ്യക്തതയുമില്ലെന്നും സ്‌കോളര്‍ഷിനെ സമുദായങ്ങള്‍ തമ്മിലടിക്കാനുള്ള വഴിയാക്കി മാറ്റരുതെന്നും സതീശന്‍ പറഞ്ഞു.
അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."