അരങ്ങുണര്‍ന്നു, ഇനി കായികക്കുതിപ്പിന്റെ വിസ്മയക്കാഴ്ചകള്‍
ടോകിയോ: 32ാമത് ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാനിലെ ടോക്കിയോയില്‍ വര്‍ണാഭമായ തുടക്കം. സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു.
ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്‌സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പിന്നാലെ ജപ്പാന്റെ ബേസ്‌ബോള്‍ ഇതിഹാസങ്ങളായ ഹിഡേക്കി മാറ്റ്‌സുയിയും സദാഹരു ഓയും ഷീഗോ നഗാഷിമയും ചേര്‍ന്ന് സ്‌റ്റേഡിയത്തിനുള്ളിലെത്തിച്ച ഒളിംപിക് ദീപം പാരാലിംപിക് താരം വക്കാക്കോ സുചിഡക്ക് കൈമാറി. നാളുകളായുള്ള സസ്‌പെന്‍സ് അവസാനിപ്പിച്ച് ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക ഒളിംപിക് ദീപം തെളിയിച്ചു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. കായികതാരങ്ങള്‍ പരമാവധി സാമൂഹിക അകലം പാലിച്ചാണ് സ്റ്റേഡിയത്തില്‍ പ്രവേശിച്ചിരിക്കുന്നത്. അതേ സമയം ജപ്പാനില്‍ കൊവിഡിനിടെ ഒളിമ്പിക്‌സ് നടത്തുന്നതിനിടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21ാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
ഒളിംപിക്‌സിന്റെ ജന്‍മനാടായ ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ത്ഥികളുടെ ടീം മാര്‍ച്ച് പാസ്റ്റ് ചെയ്തു. ഇനി 33 കായിക ഇനങ്ങളിലായി 205 രാജ്യങ്ങളില്‍ നിന്നുള്ള 11200 കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. കാണികളില്ലാത്ത ആദ്യത്തെ ഒളിമ്പിക്‌സ് കൂടിയാണിത്. കൊവിഡ് പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് പാസ്റ്റ് ഏതാണ്ട് അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."