വിടവാങ്ങല്‍ പൂര്‍ണം; ആത്മീയ സായൂജ്യത്തില്‍ ഹാജിമാര്‍
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത ഹാജിമാര്‍ പൂര്‍ണമായും പുണ്യഭൂമിയില്‍ നിന്ന് വിടവാങ്ങി. ഏതാനും ഹാജിമാര്‍ വ്യാഴാഴ്ച തന്നെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മടങ്ങിയിരുന്നെങ്കിലും മലയാളികള്‍ അടക്കമുള്ള ചില ഹാജിമാര്‍ ഇന്നലെയാണ് കര്‍മങ്ങള്‍ പൂര്‍ണമാക്കിയ ശേഷം മക്കയില്‍ നിന്നും സ്വന്തം താമസസ്ഥലങ്ങളിലേക്ക് നീങ്ങിയത്. മിനായില്‍ നിന്ന് മക്കയില്‍ തിരിച്ചെത്തി ഇവര്‍ വിദാഇന്റെ ത്വവാഫ് പൂര്‍ത്തീകരിച്ച ശേഷമാണ് യാത്ര പറഞ്ഞത്. ഹാജിമാര്‍ പൂര്‍ണമായും മക്കയില്‍ നിന്ന് ഒഴിവായതോടെ സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങളിലേക്കു കടന്നു. 58,518 പേരാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 32,816 പേര് പുരുഷന്മാരും 25,702 പേര് സ്ത്രീകളുമാണ്. ഇവരില്‍ 25,000ത്തിലധികമാണ് വിദേശികള്‍. മഹാവ്യാധി ലോകമാസകലം അലയടിക്കുമ്പോഴും തീര്‍ഥാടന പുണ്യം നേടാനായ സായൂജ്യത്തിലാണ് ഹാജിമാര്‍ മക്കയില്‍ നിന്നും യാത്ര പറഞ്ഞത്. പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് വിജയകരമായി ഹജ്ജ് പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് തീര്‍ഥാടകര്‍. സഊദി ഭരണകൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും ഏറ്റവും മികച്ച സേവനങ്ങളാണ് സജ്ജീകരിച്ചതെന്ന് മലയാളികള്‍ അടക്കമുള്ള ഹാജിമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പുണ്യസ്ഥലങ്ങളില്‍ നിന്ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ ഐസൊലേഷന്‍ പാലിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവര്‍ കൊറോണ പരിശോധന നടത്തേണ്ടതുമില്ല. മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരും വാക്സിന് സ്വീകരിച്ചവരാണ്. അതിനാല്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കില്‍ ഹാജിമാര്‍ ഐസൊലേഷന്‍ പാലിക്കുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അറിയിച്ചു.
അതേസമയം, ഈവര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം ജൂലൈ 25നു പുനഃരാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തില്‍ ഇരുപതിനായിരം തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും അനുമതി. ക്രമേണ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച് നേരത്തെയുള്ള നിലയിലേക്ക് ഉയര്‍ത്തുമെന്നും ഡെപ്യൂട്ടി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."