പ്രളയം, ഉരുള്‍പൊട്ടല്‍; മഹാരാഷ്ട്രയില്‍ 136 മരണം
മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും മഹാരാഷ്ട്രയില്‍ 48 മണിക്കൂറിനിടെ 136 മരണം. 40 വര്‍ഷത്തിനിടെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രളയം മൂലം ആയിരങ്ങളെയാണ് ഒഴിപ്പിച്ചത്. ഇന്നലെ മാത്രം 70ലേറെ പേരാണ് മരിച്ചത്.
മുംബൈയില്‍ നിന്ന് 70 കി.മീ അകലെയുള്ള റെയ്ഗാഡ് ജില്ലയിലും സത്താറയിലുമാണ് മഴ വന്‍ നാശംവിതച്ചത്. ഇവിടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 47 പേരാണ് മരിച്ചത്. നിരവധിപേര്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയതായും ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ ഒഴിപ്പിക്കുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ളവരോട് കുന്നുകളിലോ വീടിന്റെ ടെറസിലോ പോയി നില്ക്കാന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.
നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലാണ്. റോഡ്-റെയില്‍ ഗതാഗതവും വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊവിഡ് ആശുപത്രിയിലെ രോഗികളെ ബോട്ടിലാണ് മറ്റു ആശുപത്രികളിലേക്ക് മാറ്റിയത്.
നാവികസേന-തീരദേശസേന-ദേശീയ ദുരന്തനിവാരണ സംഘങ്ങളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏഴു മേഖലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ 25, 26 തീയതികളില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."