ഷാര്‍ജ ഇന്ത്യന്‍ അസോ. 'ശ്രാവണോത്സവം' 17ന് എക്‌സ്‌പോ സെന്ററില്‍
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 17ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണസദ്യയോടെയും പ്രഗല്‍ഭര്‍ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പ്രോഗ്രാമുകളോടെയുമായിരിക്കും 'ശ്രാവണോത്സവം' എന്ന പേരിലുള്ള ഓണാഘോഷമെന്ന് പ്രസിഡന്റ് അഡ്വ.വൈ.എ റഹീം, ജന.സെക്രട്ടറി ടി.വി നസീര്‍, ട്രഷറര്‍ ശ്രീനാഥന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആഘോഷാന്തരീക്ഷത്തിന് ആവേശവും ചൈതന്യവും പകരുന്ന വിധത്തിലാണ് 'ശ്രാവണോത്സവം' ഒരുക്കുന്നത്. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30നായിരിക്കും. കേരള സിവില്‍ സപ്‌ളൈസ്-ഉപഭോക്തൃ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍, ആലപ്പുഴ എംപി എ.എം ആരിഫ്, കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം, അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ , ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ഉത്തംചന്ദ് എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
ഈ വര്‍ഷത്തെ ഓണാഘോഷ ഭാഗമായി വിവിധ മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എമിറേറ്റിലുടനീളമുള്ള കൂട്ടായ്മകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പുഷ്പാലങ്കാര മല്‍സരമാകും ഏറ്റവും ശ്രദ്ധേയം. ടെന്റുകളില്‍ പകല്‍ നേരത്ത് സന്ദര്‍ശകരെ രസിപ്പിക്കാന്‍ സാംസ്‌കാരിക പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് ഓണം സജീവമാക്കാന്‍ കച്ചവടക്കാര്‍ സ്റ്റാളുകള്‍ തീര്‍ക്കുന്നതാണ്.
ചെണ്ടമേളം, പഞ്ചാരി മേളം, ബാന്‍ഡ് മേളം, ശിങ്കാരിമേളം, ലൈവ് ആനകള്‍, കഥകളി, പുലികളി, തെയ്യം തുടങ്ങിയ വാദ്യമേളങ്ങളിലൂടെ കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര ചടങ്ങിന് മാറ്റേകും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ സിനിമാ പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റെ നേതൃത്വത്തില്‍ അഖില ആനന്ദ്, വിബിന്‍ സേവ്യര്‍, സച്ചിന്‍ വാരിയര്‍, കൃതിക എന്നീ പിന്നണി ഗായകര്‍ ഉള്‍പ്പെടുന്ന ഗായക സംഘവും ഓര്‍കസ്ട്ര ടീമും അടങ്ങുന്ന സംഗീത പരിപാടികള്‍ പരിപാടിയുടെ പ്രത്യേക ആകര്‍ഷണമായിരിക്കും. പ്രമുഖ നൃത്തസംഘങ്ങളുടെ പ്രകടനങ്ങള്‍ പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങിലുണ്ടാകും. ഗ്രാന്‍ഡ് ഓണം വിരുന്ന് ഉച്ച 12 മണിക്ക് ആരംഭിക്കും. 18,000ത്തിലധികം ക്ഷണിതാക്കളും അതിഥികളും വിരുന്നില്‍ പങ്കെടുക്കും. ഈ ഓണ വിരുന്ന് വേറിട്ട ആസ്വാദകാനുഭവമാകുമെന്നും സംഘാടകര്‍ പ്രത്യാശിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോ.സെക്രട്ടറി മനോജ് വര്‍ഗീസ്, മാനേജിംങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കബീര്‍ ചാന്നാങ്കര, ഹരിലാല്‍, അബ്ദുമനാഫ്, സുനില്‍ രാജ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."