'മൂന്നാമതായേ ബി.ജെ.പിയേയും സംഘപരിവാറിനേയും ഭയക്കേണ്ടതുള്ളൂ, പറഞ്ഞത് ഇന്ത്യ മൊത്തമായുള്ളതല്ല, കേരളത്തിലെ മാത്രം കാര്യം' വിവാദ വീഡിയോക്ക് സി. രവിചന്ദ്രന്റെ വിശദീകരണം
കോഴിക്കോട്: ബി.ജെ.പിയെ അത്ര ഭയക്കേണ്ടെന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സ്വതന്ത്രചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി. രവിചന്ദ്രന്‍. താന്‍ പറഞ്ഞത് കേരളത്തിലെ കാര്യമാണെന്നും ഇസ്ലാം, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ കഴിഞ്ഞാല്‍ മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂവെന്ന് വിശദീകരണ വിഡിയോയില്‍ രവിചന്ദ്രന്‍ ആവര്‍ത്തിക്കുന്നു.
ബി.ജെ.പിയെ കുറിച്ചല്ല കേരളത്തെ കുറിച്ചാണ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്ന് പറഞ്ഞു കൊണ്ടാണ് വിശദീകരണം ആരംഭിക്കുന്നത്. വിശദീകരണം ഇങ്ങനെ -'കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ആരെയൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചു. അതിന് നമ്മള്‍ ആരെയാണ് ഭയക്കുന്നത് എന്ന് നോക്കിയാല്‍ മതി. ആര്‍ക്കെതിരെ എഴുതാനാണ്, ആര്‍ക്കെതിരെ സംസാരിക്കാനാണ് ഭയമെന്ന് നോക്കിയാല്‍ മതി. അതറിയാന്‍ പ്രത്യേകിച്ച് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ കാര്യമൊന്നും ആവശ്യമില്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള പ്രസ്ഥാനങ്ങളുടെ കാര്യമാണ് പറഞ്ഞത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്നത് ആരെയാണ് -ഇസ്‌ലാം, കമ്യൂണിസ്റ്റ് പാര്‍ട്ടി. മൂന്നാം സ്ഥാനം മാത്രമേ ബി.ജെ.പിക്കും സംഘപരിവാറിനും വരുന്നുള്ളൂ. അത് മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല. അത് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്.
ഇത് അറിയാന്‍ ഏറ്റവും എളുപ്പം ഇവിടുത്തെ ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും നോക്കിയാല്‍മതി. യാതൊരു മാനവികതയും ഇല്ലാത്ത, അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ആളുകള്‍ പോലും ഇത്തരം ശക്തികളുടെ മുന്നില്‍ നല്ലപിള്ളയാവുകയും അവരെ താലോലിക്കുകയും ഒക്കെ ചെയ്യുന്നു. അത് ഒന്നാന്തരം പേടിയാണ്. നിങ്ങള്‍ക്ക് നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാത്തിനോടും പ്രസരിക്കേണ്ടതാണ്. അങ്ങനെ പ്രസരിക്കുന്നില്ല. നിങ്ങളെ ഭയപ്പെടുത്തുകയും നിങ്ങളെ കൈപിടിച്ച് എഴുതിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളോടും പ്രസ്ഥാനങ്ങളോടുമാണ് കൂടുതല്‍ വിധേയത്വം കാണിക്കുന്നത്, അവരെ തൊഴുതാണ് നില്‍ക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള അവസ്ഥ ഇങ്ങനെ തന്നെയാണ്. സംഘപരിവാറോ കോണ്‍ഗ്രസിന്റെ ടീമോ ഇതില്‍ മുന്നില്‍ വരികയാണെങ്കില്‍ അങ്ങനെ തന്നെ പറയും. സൈബര്‍ ലോകത്ത് തന്നെ നോക്കിയാല്‍ മതിയല്ലോ. എന്തെങ്കിലും എഴുതുകയോ പോസ്റ്റിടുകയോ ചെയ്തുനോക്കിയാല്‍ മതിയാകും ഭയക്കേണ്ടത് ആരെയൊക്കെയാണെന്ന് മനസിലാകാന്‍. അതിന്റെ റാങ്ക് ഇങ്ങനെ തന്നെയാണ് -ഇസ്‌ലാം, കമ്യൂണിസം, സംഘപരിവാര്‍.'
കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്റെ വിവാദ വീഡിയോ പ്രചരിച്ചത്. സംഘ്പരിവാറിന് വേണ്ടിയാണ് രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദികളുടെ സംഘമുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
രവിചന്ദ്രന്റെ പല നിരീക്ഷണങ്ങളും സംഘ്പരിവാറിനെ വെള്ളപൂശാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് നിരവധിപേര്‍ നേരത്തെയുംചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘ്പരിവാറിനെ പേടിക്കേണ്ടതുണ്ടോയെന്ന രവിചന്ദ്രന്റെ പ്രസ്താവനയും വിവാദമായി മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."