ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി
കല്പറ്റ: ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്നാരോപിച്ച് വയനാട് കല്പറ്റയിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയായ യുവാവിന്റെ ആത്മഹത്യ ഭീഷണി. ബുധനാഴ്ച രാവിലെ 11ഓടെ എം.ജി.ടി ലോഡ്ജിലായിരുന്നു സംഭവം.
കൊല്ലം പുനലൂര്‍ സ്വദേശി രമേശനാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇയാളെ വാതില്‍ തകര്‍ത്ത് കീഴ്പ്പെടുത്തി. 2020ല്‍ തനിക്ക് ലോട്ടറി അടിച്ചിരുന്നെന്നും എന്നാല്‍, ഈ തുക തനിക്ക് ലഭിച്ചില്ലെന്നും വയനാട് അമ്പലവയല്‍ സ്വദേശിയായ ഒരാള്‍ തട്ടിയെടുത്തെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.
ഇതില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് രമേശന് കല്പറ്റയിലെത്തിയത്. ബുധനാഴ്ച രാവിലെ 11ഓടെ കല്പറ്റ പ്രസ് ക്ലബിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിച്ച്, താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്നും അറിയിച്ചു.
ഇതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസുകാരെ കണ്ടതോടെ ഇയാള്‍ മുറിയില്‍ കയറി വാതിലടച്ചു. ജില്ല കലക്ടറും തഹസില്‍ദാറും എത്താതെ വാതില്‍ തുറക്കില്ലെന്ന് പറഞ്ഞ രമേശന് ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."