ജനപക്ഷ സമരങ്ങളോട് സർക്കാർ മുഖം തിരിക്കരുത്
നിരാലംബരായ മനുഷ്യർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അത് വകവച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരായ ദയാബായിയും മേധാപട്കറും കേരളത്തിലെ രണ്ട് സമരമുഖങ്ങളിലുണ്ട്. സെക്രട്ടേറിയറ്റ് നടയിൽ ദയാബായി നിരാഹാര സമരത്തിലിരിക്കുമ്പോൾ മേധാപട്കർ പ്ലാച്ചിമടയിലെ രണ്ടാംഘട്ട സത്യഗ്രഹ സമരത്തിന്റെ അമ്പതാം ദിവസത്തെ സമര സമ്മേളനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുകയുണ്ടായി. മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് പ്രശസ്ത സാമൂഹ്യപ്രവർത്തകർ കേരളത്തിലെത്തി സമരത്തിന്റെ ഭാഗമാകുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി കഴിഞ്ഞ അഞ്ച് ദിവസമായി ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ആരോഗ്യനില മോശമായെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ നിർബന്ധപൂർവം പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയത്. തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും കാസർകോട്ട് എൻഡോസൾഫാൻ ബാധിതരായ കുട്ടികളാണ് മരിച്ചുകൊണ്ടിരിക്കുന്നതെന്നും തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു പകരം ആ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതെന്നും അവർ പറഞ്ഞിട്ടും പൊലിസ് ചെവിക്കൊണ്ടില്ല. ധൃതിപിടിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഉത്സാഹമൊന്നും തന്നെ പരിചരിക്കുന്നതിൽ കണ്ടില്ലെന്ന് ദയാബായി തന്നെയാണ് പറഞ്ഞത്. ആംബുലൻസിൽ കൊണ്ടുപോയ ദയാബായി വൈകാതെ ഓട്ടോയിൽ സമരഭൂമിയിൽ തിരികെ എത്തുകയും നിരാഹാരസമരം തുടരുകയുമായിരുന്നു.
സമരത്തെ സർക്കാർ അവഗണിക്കുന്നതിനൊപ്പം അണിയറയിൽ അതിനെ തകർക്കാനുമാണ് ശ്രമിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ നിരാഹാര സമരത്തിനു തുടക്കമിട്ട ദയാബായിയുടെ സമരം ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ അവരുമായി ഒരു ചർച്ചയ്ക്ക് ആരോഗ്യമന്ത്രിയോ യൂറോപ്പ് പര്യടനത്തിന് പുറപ്പെടും മുമ്പ് മുഖ്യമന്ത്രിയോ സന്നദ്ധരായില്ല. എയിംസ് ആശുപത്രിക്കായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ ഉൾപ്പെടുത്തുക, കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സാസംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കുള്ള ചികിത്സാ ക്യാംപുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ സർക്കാരിന് മുന്നിൽ വച്ചത്. ജീവിക്കാൻ അനുവദിക്കൂ എന്ന ഒരു വിഭാഗം ജനതയുടെ മുറവിളിക്കു മുന്നിൽ ഏതൊരു സർക്കാരിനും ഏറെക്കാലം മിണ്ടാതിരിക്കാനാവില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് കാസർകോട് പോയി നേരിട്ട് മനസിലാക്കിയ വ്യക്തിയാണ് ദയാബായി. അതിനാലാണ് അവർ ഇത്തരമൊരു സഹനസമരത്തിന് ഒരുങ്ങിയത്. ഓരോ വ്യക്തിക്കും ആരോഗ്യത്തോടെ ജീവിക്കാനുള്ള സംവിധാനം ഒരുക്കുക എന്നത് ഭരണഘടനാപരമായി സർക്കാരുകളുടെ ബാധ്യതയാണ്. പൊലിസിനെ ഉപയോഗിച്ച് സമരത്തെ തകർക്കാനുള്ള നടപടിയിൽ നിന്ന് പിന്തിരിഞ്ഞ് മനുഷ്യത്വപരമായ ഇടപെടലാണ് സർക്കാരിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് പല ഭാഗങ്ങളിലും കോർപറേറ്റ് വിരുദ്ധ സമരം നടക്കുന്നുണ്ട്. 2004ൽ പ്ലാച്ചിമടയിലെ ജനകീയ സമരത്തെ തുടർന്നായിരുന്നു ആഗോള കോർപറേറ്റ് സ്ഥാപനമായ കൊക്കകോള പ്ലാച്ചിമടയിലെ കമ്പനി പൂട്ടിയത്. കമ്പനി പൂട്ടിയെങ്കിലും പ്ലാച്ചിമടയിലെ ദുരിതബാധിതർ 20 വർഷമായി ഇപ്പോഴും സമരം തുടരുകയാണ്. രണ്ടാംഘട്ട പ്രത്യക്ഷസമരം 50 ദിവസം പിന്നിട്ടെങ്കിലും സർക്കാർ കണ്ടഭാവം നടിക്കുന്നില്ല. അനിശ്ചിതകാല സത്യഗ്രഹ സമരം 50 ദിവസം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മേധാപട്കർ, പ്ലാച്ചിമട ട്രൈബ്യൂണൽ നിയമം കേന്ദ്ര സർക്കാർ മടക്കി അയച്ച സാഹചര്യത്തിൽ സംസ്ഥാന നിയമസഭ പുതിയ നിയമനിർമാണത്തിന് വീണ്ടും മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിയമസഭ പാസാക്കിയ ഒരു നിയമം കോർപറേറ്റുകൾ ഇടപെട്ടു ദുർബലമാക്കിയതിന്റെ നേർക്കാഴ്ചയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിഷേധിച്ചതിലൂടെ വ്യക്തമായത്. നഷ്ടപരിഹാരത്തുകയായ 216 കോടി രൂപ ബഹുരാഷ്ട്ര കുത്തകകളിൽ നിന്ന് വാങ്ങി നഷ്ടം സംഭവിച്ചവർക്ക് കൊടുക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. കേന്ദ്രം മടക്കിയ ട്രൈബ്യൂണൽ നിയമത്തിനു പകരം സംസ്ഥാന സർക്കാർ പുതിയ നിയമ നിർമാണം നടത്തുന്നില്ല. സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവർ വേദി വിട്ടത്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കോർപറേറ്റ് വൽക്കരണത്തിനെതിരേയുള്ള പോരാട്ടവും കൂടിയാണ് പ്ലാച്ചിമടയിലെ രണ്ടാംഘട്ട സമരമെന്ന് കോർപറേറ്റ് വിരുദ്ധ നിലപാടുകളുണ്ടെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ മനസിലാക്കണം. കോർപറേറ്റുകളുടെ അധിനിവേശമാരംഭിച്ചതോടെ രാജ്യത്തെ മണ്ണും വെള്ളവും മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി നാശം ഗുരുതരമായി തുടരുന്നതിനാൽ ആവാസവ്യവസ്ഥയുടെ താളംതെറ്റുന്നു. മാലിന്യങ്ങൾ പെരുകുന്നു. കുടിവെള്ള സ്രോതസുകൾ മലിനമാക്കപ്പെടുകയോ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. ഒരു സ്ഥലത്തെ ഭാഗിക സമരവിജയം കൊണ്ട് രാജ്യത്തെ നശിപ്പിക്കുന്ന കോർപറേറ്റുവൽക്കരണത്തെ തടയാനാവില്ല. അതിനുവേണ്ടത് നീണ്ട സമരങ്ങളാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും അവസാനിക്കാത്ത സമരങ്ങളാണ് കോർപറേറ്റുകൾക്കെതിരേ നടത്തേണ്ടതെന്ന സന്ദേശമാണ് പ്ലാച്ചിമടയിലെ രണ്ടാംഘട്ട സമരം നൽകുന്നത്.
കോളക്കമ്പനി ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്തതിന്റെ ദുരിതം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്ലാച്ചിമടയിലെ ജനങ്ങൾ. പണംകൊണ്ട് നികത്താനാവാത്ത പരിസ്ഥിതി നാശങ്ങളാണ് പ്ലാച്ചിമടയിൽ സംഭവിച്ചത്. ആവാസവ്യവസ്ഥ തകരാറിലായി. കർഷകന്റെ കൃഷിഭൂമി നശിച്ചു. പ്രകൃതിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസികളുടെ ജീവിതം ദുരിതത്തിലായി. കോർപറേറ്റുകൾ കാണാമറയത്തിരുന്ന് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്മേലാണ് ആധിപത്യം സ്ഥാപിക്കുന്നത്. അതിനെതിരേ ജനങ്ങൾ പ്രതിരോധം തീർക്കുമ്പോൾ സാധാരണക്കാരന്റെ വിചാരവികാരങ്ങൾക്കൊപ്പം നിൽക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാനത്തെ സർക്കാർ ദയാബായി സെക്രട്ടേറിയറ്റ് നടയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സമരത്തേയും പ്ലാച്ചിമടയിൽ അമ്പത് ദിവസമായി തുടരുന്ന രണ്ടാംഘട്ട സമരത്തെയും കണ്ടില്ലെന്നു നടിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."