തെര. വാഗ്ദാനം പാലിക്കാൻ ഫണ്ട് എവിടെ നിന്നെന്ന് വ്യക്തമാക്കണം രാഷ്ട്രീയപ്പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി • തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള ഫണ്ട് എങ്ങനെയാണ് കണ്ടെത്തുകയെന്നും ഇത് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക സുസ്ഥിരതയിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും വ്യക്തമാക്കാൻ രാഷ്ട്രീയപ്പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈ മാസം 19നകം വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യക്തമാക്കേണ്ട വിവരങ്ങളുടെ ചോദ്യാവലിയടങ്ങിയ ഒരു ഡിക്ലറേഷൻ ഫോമും നൽകിയിട്ടുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ സൗജന്യങ്ങൾക്കെതിരായ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണിത്.
സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്നുണ്ടെന്നാണ് കേന്ദ്ര നിലപാട്. പ്രതിപക്ഷം കേന്ദ്ര നിലപാടിനെ ശക്തമായി എതിർത്തിരുന്നു.
ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്ന നിലപാടായിരുന്നു കമ്മിഷൻ്റേത്. ഇതിനു വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം.
വാഗ്ദാനം എത്ര ശതമാനം ജനങ്ങളെ ഉൾക്കൊള്ളും, എത്ര ചെലവുണ്ടാകും, പാർട്ടിക്ക് ഇതിന് സാമ്പത്തിക സ്രോതസുണ്ടോ, അധികം തുക ആവശ്യമായാൽ എന്തു ചെയ്യും, പണം കണ്ടെത്താൻ പ്രത്യേക നികുതിയോ അധിക നികുതിയോ ഏർപ്പെടുത്തുമോ, കടമെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി അതിരു കടന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത് മത്സരാധിഷ്ഠിത ജനാധിപത്യത്തിന്റെ ആത്മാവിനെതിരാണെന്നും ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ ആണിയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."