നിലമ്പൂർ രാധ കൊലക്കേസ് ; പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ സർക്കാർ സുപ്രിംകോടതിയിൽ
നിലമ്പൂർ• സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ കോൺഗ്രസ് ഓഫിസിലെ രാധ കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചു.
സംസ്ഥാനത്തിന്റെ അപ്പീൽ ഈ മാസം പത്തിന് സുപ്രിം കോടതി പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി.കെ ബിജു നായർ, ഷംസുദ്ദീൻ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരേയാണ് അപ്പീൽ. സംസ്ഥാനസർക്കാരിനായി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറാണ് സുപ്രിം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. ദൃക്ഷസാക്ഷികളില്ലാത്ത കേസിൽ പൊലിസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്.
നിലമ്പൂർ കോൺഗ്രസ് ഓഫിസിലെ തൂപ്പുകാരിയായിരുന്ന രാധയെ 2014 ഫെബ്രുവരി അഞ്ചിന് കാണാതാവുകയായിരുന്നു.
പത്താംതിയതി ചുള്ളിയോട് ഒരു കുളത്തിൽ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തി.
പിന്നാലെ തന്നെ ബിജു നായരേയും സുഹൃത്ത് ഷംസുദ്ദീനേയും പൊലിസ് അറസ്റ്റു ചെയ്തു. രഹസ്യ ബന്ധങ്ങൾ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയിൽ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീൻ്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയെന്നായിരുന്നു പൊലിസ് കേസ്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്നു ബിജു പ്രതിയായ കേസ് വലിയ വിവാദമായിരുന്നു.
കോൺഗ്രസിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം. പിന്നീട് നടന്ന തെരെഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെതിരേ ഇടതുമുന്നണിയും ബി.ജെ.പിയും ഈ കൊലപാതം വലിയ പ്രചാരണവുമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."