പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്'; നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ
ഇടുക്കി: പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ്. കയ്യേറ്റ ഭൂമിയെന്ന് ഉന്നത സംഘം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയ സ്ഥലത്താണ് കുരിശ് നിര്‍മിച്ചിരിക്കുന്നത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോര്‍ട്ടിന് സമീപം കുരിശ് പണിതത്. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 3.31 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പീരുമേട് മഞ്ചുമല വില്ലേജുകളില്‍ സര്‍വേ നമ്പര്‍ മാറി പട്ടയം നല്‍കിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്ററുകളില്‍ പലതും കാണാനില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഈ മാസം രണ്ടിന് പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കാന്‍ ജില്ല കലക്ടര്‍ പീരുമേട് എല്‍.ആര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. കൈയേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശിച്ചിരുന്നു. സജിത് ജോസഫിന് സ്‌റ്റോപ് മെമ്മോ നല്‍കുകയുംചെയ്തു. എന്നാല്‍, ഇതവഗണിച്ചാണ് കുരിശിന്റെ പണികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയത്. പണികള്‍ നടക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റൊരു സ്ഥലത്തുവെച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. 2017ല്‍ സൂര്യനെല്ലിയിലും ഇത്തരത്തില്‍ കൈയേറ്റഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചുനീക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കയ്യേറിയത് ഇടുക്കി ജില്ലയിലാണെന്നാണ് വനം വകുപ്പിന്റെ 2021-22 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടിലുള്ളത്. ഹൈറേഞ്ച് സര്‍ക്കിളില്‍ മാത്രം 1998 ഹെക്ടര്‍ സ്ഥലത്ത് കയ്യേറ്റമുണ്ടെന്നും ഇതില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."