എതിർപ്പ് കൂടുതൽ കേരളത്തിൽനിന്ന്: തരൂർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം• തന്നെ കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കളാണെന്ന് ശശി തരൂർ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ ചാനൽ അഭിമുഖത്തിലാണ് തനിക്കെതിരേ സ്വന്തം നാട്ടിൽനിന്ന് ഉയരുന്ന എതിർപ്പുകളോട് തരൂർ പ്രതികരിച്ചത്. എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗേയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് തരൂർ പറഞ്ഞു. ഖാർഗേയെ താൻ ബഹുമാനിക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമാണ്. എന്നാൽ പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ ആവശ്യമെന്താണ്. ഇപ്പോൾ തന്നെ അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന് പാർട്ടിയിൽ ഇനി എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക. താൻ അസ്വസ്ഥരായ പാർട്ടി പ്രവർത്തകരുടെ ശബ്ദമാകാനാണ് സ്ഥാനാർഥിത്വവുമായി മുന്നോട്ട് പോകുന്നത്. ഖാർഗേക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെയെന്നും തരൂർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് തേടി തരൂർ കേരളത്തിലെത്തിയത്. ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ തരൂർ എത്തിയപ്പോൾ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും ഉണ്ടായിരുന്നില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ പിന്തുണയറിയിച്ച് നിരവധി പ്രവർത്തകരും പ്രാദേശിക നേതാക്കളും കെ.പി.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് കാർഡ് തരൂർ ടി.യു രാധാകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂർ രവി തുടങ്ങിയവരെ അവരുടെ വീടുകളിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. തരൂർ ഇന്ന് തമിഴ്‌നാട്ടിലെ നേതാക്കളെ നേരിൽകാണും. അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എ.ഐ.സി.സി മാർഗനിർദേശം നൽകിയിട്ടും മുതിർന്ന നേതാക്കൾ പക്ഷംപിടിക്കുന്നതിൽ തരൂർ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."