സഹനത്തിന്റെ അക്ഷരശിലകള്‍
ഡോ. ശരത് മണ്ണൂര്‍
ജീവിതത്തിന്റെ സവിശേഷ മുഹൂര്‍ത്തങ്ങളെ എഴുത്തുകാര്‍ ചിത്രീകരിക്കുന്നത് രണ്ടു രീതിയിലാണെന്ന് പറയാറുണ്ട്. പരാനുഭവങ്ങളില്‍ നിന്നും പരകൃതികളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത അനുഭവജ്ഞാനത്തെ രചനകളില്‍ കൊണ്ടുവരികയെന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമത്തേതാകട്ടെ, സ്വാനുഭവങ്ങളെ മുന്‍വിധികളൊന്നുമില്ലാതെ യഥാതഥവും അനാര്‍ഭാടവുമായി ചിത്രീകരിക്കുക എന്നുള്ളതും. ഇതില്‍ രണ്ടാമത്തെ ആവിഷ്‌കാരത്തിന് മൂര്‍ച്ചയും തീക്ഷണതയുമേറും. കാരണം സ്വന്തം ജീവിതാനുഭവങ്ങളുടെ ഇരുമ്പുരുക്കുന്ന ചൂളയില്‍ സ്വയം ചുട്ടുപഴുത്ത് എഴുത്തുകാരന്‍ തന്നെ എഴുത്തായി മാറുന്ന പ്രതിഭാസമാണത്. ബഷീറും സ്റ്റെയിന്‍ബെക്കും ഗോര്‍ക്കിയും വരച്ചുകാട്ടുന്നത് അത്തരമൊരു ജീവിതപ്രപഞ്ചമാണ്. വര്‍ളാം ഷലാമവ് എന്ന സോവിയറ്റ് എഴുത്തുകാരനും അത്തരത്തില്‍ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി സ്വയം എഴുത്തായി മാറിയ വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കളിമാ കഥകള്‍ (ഗീഹ്യാമ ഠമഹല)െ വായനക്കാരെ അകലെ വച്ചുതന്നെ പൊള്ളിക്കുന്നത്.
മലയാളികള്‍ക്ക് അത്ര പരിചിതനായ എഴുത്തുകാരനല്ല വര്‍ളാം ഷലാമവ്. അദ്ദേഹത്തിന്റെ കഥകളൊന്നും മലയാളത്തിലേക്ക് വന്നിട്ടില്ല എന്നതാണ് അതിനു കാരണം. അദ്ദേഹത്തിന്റെ പ്രശസ്തമായ 'കളിമാ കഥകള്‍' എന്ന പുസ്തകം സോവിയറ്റ് ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന തടവുകാരുടെ ദുസ്സഹമായ ദൈനംദിന ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് വരച്ചിടുന്നത്. സോള്‍ഷെനിത്സിന്റെ ഇവാന്‍ 'ജെനിസവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം' എന്ന കൃതി കഴിഞ്ഞാല്‍ വായനക്കാരുടെ മനസിനെ കുത്തിമുറിക്കുന്ന ജീവിതാനുഭവങ്ങളുടെ അസ്ത്രമുനകളാണ് ഇതിലെ ഓരോ കഥയും. മനുഷ്യജീവിതത്തെ ഇത്രയും പച്ചയായി, സത്യസന്ധമായി, ദയാരഹിതമായി ചിത്രീകരിച്ച കഥകള്‍ ലോകസാഹിത്യത്തില്‍ വേറെ അധികമുണ്ടാവില്ല. ഓരോ കഥയും മനുഷ്യന്റെ രക്തത്തിലും വിയര്‍പ്പിലും ചുടുനിശ്വാസത്തിലും കുഴച്ചെടുത്താണ് പാകപ്പെടുത്തിയത്.
സോവിയറ്റ് റഷ്യയുടെ കുപ്രസിദ്ധമായ തടങ്കല്‍ പാളയമായിരുന്നു കളിമാ. വടക്കു കിഴക്കന്‍ സൈബീരിയയില്‍ പസഫിക് സമുദ്രത്തിനും ബൈക്കല്‍ തടാകത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ യഥാര്‍ഥ ആതിഥേയര്‍ ഹൃദയംപിളര്‍ക്കുന്ന തണുപ്പും കൊടിയവിശപ്പും പകര്‍ച്ച വ്യാധികളുമാണ്. മൈനസ് പത്തൊന്‍പത് മുതല്‍ മുപ്പത്തിയെട്ട് ഡിഗ്രി വരെ രേഖപ്പെടുത്തുന്ന ഈ പ്രദേശത്തു വേനല്‍ക്കാലത്തുപോലും മൂന്നു ഡിഗ്രി മുതല്‍ പതിനാറ് ഡിഗ്രി വരെ മാത്രമാണ് ഊഷ്മാവ്. ആയിരത്തി മുന്നൂറിലധികം മൈല്‍ നീണ്ടുകിടക്കുന്ന, മരണത്തിന്റെയും മരവിപ്പിന്റെയും ഈ ഇരുണ്ട ഭൂമികയിലേക്ക് സാര്‍ ചക്രവര്‍ത്തിമാരുടെ കാലംമുതല്‍ കുറ്റവാളികള്‍ നാടുകടത്തപ്പെട്ടിട്ടുണ്ട്. സോവിയറ്റ് കാലത്ത്, വിശേഷിച്ചും സ്റ്റാലിന്റെ ഭരണകാലത്ത് നാടുകടത്തപ്പെട്ട ഇരുപത്തിരണ്ടര ദശലക്ഷം പേരില്‍ മൂന്നു ദശലക്ഷം പേര്‍ കളിമായിലെ ലേബര്‍ ക്യാംപുകളില്‍ നരകയാതന അനുഭവിച്ചു കൊല്ലപ്പെട്ടു. അഞ്ചുലക്ഷം പേര്‍ മാത്രമാണ് ശിക്ഷാ കാലാവധി തികച്ച് ജീവിതത്തിലേക്ക് തിരികെചെന്നത്. കളിമായിലെ സ്വര്‍ണഖനികളില്‍ ദിവസവും പന്ത്രണ്ടു മുതല്‍ പതിനാറു മണിക്കൂര്‍ വരെ കഠിനാധ്വാനത്തിനു നിയോഗിക്കപ്പെട്ട തടവുകാര്‍ മതിയായ ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, വസ്ത്രങ്ങളില്ലാതെ കൊടുംതണുപ്പില്‍ വിശപ്പും രോഗപീഡകളുമനുഭവിച്ച് ഇഞ്ചിഞ്ചായി മരിച്ചുവീണുകൊണ്ടേയിരുന്നു. കൊടുംകുറ്റവാളികളായ തടവുകാര്‍ കൈയൂക്കുകൊണ്ട് രാഷ്ട്രീയത്തടവുകാരെ അടിമകളാക്കുന്നത് സാധാരണമായിരുന്നു. അവര്‍ രാഷ്ട്രീയത്തടവുകാരെ ഭരിച്ചു, മര്‍ദിച്ചു, കൊന്നു. ആരും ചോദിക്കാനുണ്ടായിരുന്നില്ല.
ക്രൂഷ്‌ചേവിന്റെ ഭരണകാലത്താണ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചതും പുനരധിവസിപ്പിച്ചതും. മൃത്യുവിന്റെ ഇരുണ്ട താഴ്‌വരയായിരുന്നു കളിമാ. എല്ലാ അര്‍ഥത്തിലും ഒരു തുറന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപ്. ഇവിടുത്തെ ലേബര്‍ ക്യാംപുകളില്‍ ജീവിതത്തിന്റെ നല്ല കാലമത്രയും തടവുകാരനായി കഴിയാന്‍ വിധിക്കപ്പെട്ടവനായിരുന്നു വര്‍ളാം ഷലാമവ്. ഒരുപക്ഷേ, കളിമായില്‍ നിന്നു വലിയ പരുക്കില്ലാതെ രക്ഷപ്പെട്ട അപൂര്‍വത്തില്‍ അപൂര്‍വം ഭാഗ്യവാന്മാരില്‍ ഒരാള്‍! പതിനഞ്ച് വര്‍ഷത്തെ കളിമായിലെ ജീവിതത്തില്‍ ആറു വര്‍ഷം അദ്ദേഹം അടിമയെപ്പോലെയാണ് പണിയെടുത്തത്. കരള്‍പിളര്‍ക്കുന്ന ആ ജീവിത ദൈന്യങ്ങളുടെ നേര്‍ച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ കഥയിലും കാണാം. കളിമാ കഥകളെക്കുറിച്ച് അലക്‌സാണ്ടര്‍ സോള്‍ഷെനിത്സിന്‍ ഇങ്ങനെ പറഞ്ഞു. 'ഈ എഴുത്തുകാരന്റെ ക്യാംപ് ജീവിതം എന്റേതിനേക്കാള്‍ മോശവും കഠിനവും ദൈര്‍ഘ്യമേറിയതുമായിരുന്നു എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ കഥകള്‍ അതാണ് തെളിയിക്കുന്നത്.'
1907 ജൂണ്‍ 18ല്‍ ഒരു പുരോഹിതന്റെ മകനായി ജനിച്ച വര്‍ളാം ചീഹനവിച്ച് ഷലാമവ് (ഢമൃഹമാ ഠശസവീിീ്ശരവ ടവമഹമാീ്) 1927ല്‍ യുവ ട്രോട്‌സ്‌കിയന്‍ ഗ്രൂപ്പില്‍ ചേര്‍ന്നതോടെയാണ് അധികാരികളുടെ നോട്ടപ്പുള്ളിയായത്. നിരോധിത പുസ്തകങ്ങള്‍ കൈവശം വച്ചു എന്നാരോപിച്ച് 1929ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കളിമായിലേക്ക് നാടുകടത്തുകയും ചെയ്തു. തടങ്കല്‍ പാളയത്തില്‍ കഠിനമായ അധ്വാനമായിരുന്നു ഷലാമവിനെ കാത്തിരുന്നത്. 1932ല്‍ അദ്ദേഹത്തെ മോചിപ്പിച്ചെങ്കിലും 1937ല്‍ വീണ്ടും അറസ്റ്റുചെയ്തു. തുടര്‍ന്ന് അഞ്ചു വര്‍ഷം വീണ്ടും തടവില്‍ കഴിഞ്ഞ ഷലാമവ് നൊബേല്‍ ജേതാവായ ഇവാന്‍ ബൂനിനെ ക്ലാസിക് റഷ്യന്‍ എഴുത്തുകാരന്‍ എന്നു പുകഴ്ത്തിയതിന്റെ പേരില്‍ വീണ്ടും വിചാരണ ചെയ്യപ്പെടുകയും കളിമായിലെ ഖനികളില്‍ കഠിനാധ്വാനത്തിന് നിയോഗിക്കപ്പെടുകയും ചെയ്തു.
പിന്നീട് 1956 ലാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കാണുന്നത്. മോസ്‌കോയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്, മുന്‍പ് പലപ്പോഴായി എഴുതിവച്ച കവിതകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. കവിതകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കഥകളാണ് അദ്ദേഹത്തെ സോവിയറ്റ് യൂനിയനിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാള്‍ എന്ന ബഹുമതിക്ക് അര്‍ഹനാക്കിയത്. കളിമായുടെ കഥാകാരന്‍ എന്ന നിലയിലാണ് വര്‍ളാം ഷലാമവ് പ്രശസ്തനായത്. 1978ല്‍ കളിമാ കഥകളുടെ പൂര്‍ണ റഷ്യന്‍ പതിപ്പ് ഇറങ്ങി. അതിനും എത്രയോ മുന്‍പുതന്നെ ഇംഗ്ലീഷ് പതിപ്പ് വെളിച്ചം കണ്ടിരുന്നു. അക്കാലത്തെ ഒന്നാന്തരം ചരിത്രരേഖകള്‍ കൂടിയാണ് ഈ കഥകളെന്ന് പല പ്രമുഖ ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു.
ഹിസ്റ്റോറിക്കല്‍ നോവല്‍ എന്ന പേര് ഒരുപക്ഷേ, ഈ പുസ്തകത്തിന്റെ സ്വഭാവത്തെ ചുരുക്കിക്കളയുമെന്നതിനാല്‍ ഫിക്ഷനലൈസ്ഡ് ഹിസ്റ്ററി എന്ന പേരായിരിക്കും കൂടുതല്‍ അനുയോജ്യം എന്ന് പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ജോണ്‍ ഗ്ലാഡ് അഭിപ്രായപ്പെടുന്നുണ്ട്. പില്‍ക്കാലത്ത്, കളിമാ കഥകളുടെ പ്രസക്തി ക്രൂഷ്‌ചേവിന്റെ കാലഘട്ടത്തോടെ കഴിഞ്ഞുപോയെന്നും താന്‍ ഇപ്പോള്‍ ഒരു യഥാര്‍ഥ സോവിയറ്റ് പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2020ലെ റീഡ് റഷ്യ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട പുസ്തകങ്ങളില്‍ കളിമാ കഥകളുമുണ്ട്.
ഭരണകൂട നൃശംസതയില്‍ മാനവികത വിറങ്ങലിച്ചുനിന്ന ഒരു കാലഘട്ടത്തിന്റെ ഏറ്റവും ബീഭത്സമായ ചിത്രമാണ് വര്‍ളാം ഷലാമവിന്റെ കളിമാ കഥകള്‍. തീക്ഷ്ണമായ ജീവിതാവസ്ഥകളുടെ കൊടുംചൂടില്‍ പൊള്ളുന്ന അക്ഷരങ്ങള്‍കൊണ്ടാണ് ഇതിലെ ഓരോ കഥയും മെനഞ്ഞെടുത്തത്. സഹനത്തിന്റെ സങ്കടരാഗങ്ങള്‍ പാടുന്ന അവ വായനക്കാരുടെ മനസില്‍ മായാത്ത മുറിവുകള്‍ വീഴ്ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."