ദേശാടന പുഷ്പം
താരാനാഥ് ആര്‍.
'നീ ഡാഫോഡില്‍സ് കണ്ടിട്ടുണ്ടോ?'
വള്ളുവനാടന്‍ കാറ്റ് വാകപ്പൂവിനെ എടുത്ത്
മണ്ണില്‍ വയ്ക്കുന്നേരം ചോദിച്ചു...
ഇല്ല!
മുന്‍ഗാമികള്‍ തീര്‍ത്ത പരവതാനിയില്‍
താണിറങ്ങവേ വാകപ്പൂ ഖേദിച്ചു
ഈ ചുവപ്പിനോളം ഭംഗിയുണ്ടോ...?
ഇത്ര മാര്‍ദവമുണ്ടോ?
കാറ്റിന്റെ കവിളില്‍ തലോടി മാറിക്കൊണ്ട് കിണുങ്ങി
അതിന് മണമുണ്ട്!
വശ്യമായ മണം
കാറ്റിനിഷ്ടം സുഗന്ധം.
കണ്ണിറുക്കിപ്പറഞ്ഞു
മുല്ലയുടെ മണമാണോ?
പിച്ചകത്തിന്റെ?
കായാമ്പൂവിന്റെ?
ഉം ഹും... അതൊന്നുമല്ല
ഡാഫോഡില്‍സിന്റെ!
എനിക്കും അറിയണം...
വാകപ്പൂ കാറ്റിന്റെ
ഷര്‍ട്ടില്‍ പിടിച്ചു
കാറ്റ് പറഞ്ഞു.. ഹം.. നോക്കട്ടെ
ജാഡയുള്ള കാമുകനും
ജാള്യതയുള്ള കാമുകിയും
ആയവര്‍ മാറി
ബൈക്കില്‍ പാറി
വാകയുടെ പൂമ്പൊടി പ്രണയാര്‍ദ്രമായ് പരന്നു
നമ്മളെത്തുമോ കാറ്റേ?
കാറ്റെത്താത്ത സ്ഥലമുണ്ടോ പൂവേ?
കാറ്റ് കാറ്റിനോടുരസി
പൂവ് വഴിയോരക്കാഴ്ചയില്‍ ഓളം വെട്ടി
പല പല സുഗന്ധങ്ങള്‍ ചേര്‍ത്തൊരു വിശിഷ്ട ഗന്ധം കാറ്റ് അവള്‍ക്ക് നല്‍കി
വെയിലേറ്റു വിയര്‍ത്ത വാകപ്പൂ
സുഗന്ധ മിശ്രിതത്താല്‍ തണുത്തു
'നീ സര്‍വവ്യാപിയായ കാറ്റാണ്
ഞാന്‍ നിസാരയായ ഒരു പൂവ്'
ഗന്ധലഹരിയില്‍
പതിവു പല്ലവി!
നിന്നെ ഞാന്‍ കാറ്റാക്കട്ടെ?
പറക്കാന്‍ പഠിപ്പിക്കട്ടെ?
കൈ കോര്‍ത്തു പാറാനല്ലോ
നീലയാം വാനം.
എന്ന് അനുപല്ലവി
യുഗ്മഗാനം നിര്‍ത്തി
വാകപ്പൂവ് തന്റെ ചുവപ്പു നിറത്തില്‍ തൊട്ടുനോക്കി...
നിറമുള്ള കാറ്റാവാന്‍ പറ്റ്വോ?
മണം പോലും കാറ്റിനു സ്വന്തമല്ലല്ലോ
നീ ചേര്‍ന്നുനില്‍ക്കുമ്പോള്‍
നിന്റേതാവുന്നു
വേറൊരാള്‍ ചേരുമ്പോള്‍...
എനിക്കു നിറം മാറാന്‍ വയ്യ...
മണം മാറാന്‍ വയ്യ...
കാറ്റേ നിനക്കു പൂവാകരുതോ
കുറഞ്ഞപക്ഷം ഒരു പൂമ്പാറ്റ?
തേന്‍ കുടിക്കാത്ത ഗന്ധര്‍വശലഭം
പൂവും പൂമ്പാറ്റയും
ക്ഷണികജീവികള്‍!
കാറ്റു മരിച്ചെന്നു നീ കേട്ടിട്ടുണ്ടോ?
അമരത്വത്തിന്റെ ഗാഥകള്‍...
കൊടുങ്കാറ്റുകള്‍!
സംസാരത്തിനിടയില്‍ ദൂരം പോയതറിഞ്ഞില്ല!
കാറ്റേ... വള്ളുവനാടന്‍ കാറ്റേ...
അതെന്റെ കള്ളപ്പേരാണ്
യഥാര്‍ഥത്തില്‍ ഞാനൊരു തെന്നലാണ്...
വടക്കോട്ടുപോകുന്നു
കാടും മലയും കടലും കടന്നുപോകുന്നു...
എല്ലാ അതിര്‍ത്തികളും കടന്ന് നിസാരം
നീ നുഴഞ്ഞുകേറുമ്പോള്‍ അവ
നേര്‍ത്തതാകുന്നതോ... കാറ്റേ?
പൂവേ..
നിന്നെ ഞാനൊരു ഒരു ദേശാടനപുഷ്പം ആക്കും
ഒരുപക്ഷേ,
ഭൂമിയിലെ ആദ്യത്തെ...
വാകപ്പൂ ഒന്നുകൂടി ചോന്നു
കാറ്റേ...
കാലദേശങ്ങള്‍ മാറുമ്പോഴും
നീ മാറുന്നില്ലല്ലോ
നിന്റെ പ്രണയം പോകുന്നില്ലല്ലോ
സന്തോഷത്താല്‍ കാറ്റൊരു ചുഴിയിട്ടു
പൂവതില്‍ ഊഞ്ഞാലിട്ടു
മതി! നേരമില്ല
കാറ്റ് ധൃതിപ്പെട്ടു
കാറ്റൊരു വിമാനമായി
വൈമാനിക പുഷ്പം
എന്ന ഖ്യാതി വാകപ്പൂ ചൂടി
അവര്‍ ഉയര്‍ന്നുപറന്നു
ചാഞ്ഞും ചെരിഞ്ഞും പറന്നു
ചരിത്രം നീര്‍ത്തിയ പട്ടുനൂല്‍പ്പാതകള്‍
താഴെ അമ്പരപ്പോടെ അവരെ നോക്കി!
നിറവും മണവും വേര്‍തിരിക്കാനാവാത്ത
ആകാശപ്പരപ്പില്‍ അവര്‍ ലയിച്ചു
ചക്രവാളത്തില്‍ ഒരു
ഡാഫോഡില്‍സ് പുഷ്പം വിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."