സ്വതന്ത്ര വ്യാപാര കരാറില്‍ വിള്ളല്‍; ഇന്ത്യ- കാനഡ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു
സ്വതന്ത്ര വ്യാപാര കരാറില്‍ വിള്ളല്‍; ഇന്ത്യ- കാനഡ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു
ന്യുഡല്‍ഹി: ഖലിസ്ഥാന്‍ വാദം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍വന്നതിനു പിന്നാലെ
സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇരു രാജ്യങ്ങളും. ഖലിസ്ഥാന്‍ വിഷയങ്ങളിലടക്കം ഇന്ത്യ കാനഡയോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാകുന്നതിനിടെയാണ് നടപടി. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രം ചര്‍ച്ച മതിയെന്ന നിലപാടിലാണ് വിദേശ മന്ത്രാലയ അധികൃതര്‍. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി കാനഡ സെപ്റ്റംബര്‍ 2ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് എതിരെ ഖലിസ്ഥാന്‍ അനുകൂലികള്‍ വ്യാപക ആക്രമണമാണ് കാനഡയുള്‍പ്പെടെയുള്ള പാശ്ചാത്ത്യ രാജ്യങ്ങളില്‍ നടത്തുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലേക്ക് തുടര്‍ച്ചയായി ഖാലിസ്ഥാന്‍ വാദികള്‍ പ്രകടനം നടത്തിയിരുന്നു. നയതന്ത്ര ഓഫീസുകള്‍ ആക്രമിക്കപ്പെടുന്നതിലുള്ള കടുത്ത അമര്‍ഷം കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ അന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.
കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുലിന്റെ കാലിഫോര്‍ണിയയിലെ സംവാദ പരിപാടിക്കിടെയായിരുന്നു പ്രതിഷേധം നടന്നത്. രാഹുലിന്റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇന്ത്യ വിരുദ്ധനീക്കം തടയുന്നതില്‍ കാനഡ അലംഭാവം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞിരുന്നു. ഞായറാഴ്ച ജി20 ഉച്ചകോടിക്കിടയില്‍ മോദി-ട്രൂഡോ ചര്‍ച്ച നടന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. സംഘടനയുടെ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുന്‍ ഇന്ത്യക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം കാണിക്കുന്നു എന്നതാണ് ഇന്ത്യയുടെ ആരോപണം.
ജി20 ഉച്ചകോടിയില്‍ ട്രൂഡോയെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത് എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇന്ത്യയല്ലാതെ മറ്റ് രാജ്യങ്ങളുമായി കാനഡ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധങ്ങളും തങ്ങള്‍ സംരക്ഷിക്കുമെന്നും എല്ലാ തരത്തിലുള്ള വിദ്വേഷങ്ങളും തള്ളിക്കളയുമെന്നും ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞിരുന്നു.
ജൂണില്‍, ബ്രാംപ്ടണില്‍ ചില ഖാലിസ്ഥാനി ഘടകങ്ങള്‍ സംഘടിപ്പിച്ച പരേഡിന്റെ ഭാഗമായി തയ്യാറാക്കിയ ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ലോട്ടിന്റെ പ്രദര്‍ശന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."