മലപ്പുറത്ത് നിന്നടര്‍ത്തിയ ചെങ്കല്ല് കിസ
അശ്‌റഫ് കൊണ്ടോട്ടി
ഭൂമിയുടെ സന്തുലിതാവസ്ഥക്ക് വിഘാതം സൃഷ്ടിക്കുമാറ് നിയന്ത്രണമില്ലാതെ ഇന്ന് ചെങ്കല്ല് ഖനനം നടക്കുമ്പോള്‍ അങ്ങാടിപ്പുറം റെസ്റ്റ് ഹൗസിന് മുന്‍പില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഒരു സ്മാരകം പുല്ലുകള്‍ നിറഞ്ഞ് കിടപ്പുണ്ട്. ലോക ഭൂവൈജ്ഞാനിക മേഖലയിലേക്ക് വിരല്‍ചൂണ്ടുന്ന സ്മാരകം കൂടിയാണത്. 1807-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായ ലോകപ്രശസ്ത ശസ്ത്രക്രിയ വിദഗ്ധന്‍ ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ എന്ന സ്‌കോട്ടിഷ് സഞ്ചാരിയാണ് ചെങ്കല്ല് ആദ്യമായി കെട്ടിട നിര്‍മാണത്തിന് യോജ്യമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. പ്രകൃതിയുടെയും മണ്ണിന്റെയും ജൈവവൈവിധ്യങ്ങള്‍ തേടിയുള്ള ബുക്കാനന്റെ അന്വേഷണത്തില്‍ നിന്നാണ് ചെങ്കല്ല് കണ്ടെത്തിയത്. അതിന് നിമിത്തമായത് അങ്ങാടിപ്പുറത്ത് പരന്നുകിടക്കുന്ന പാറക്കെട്ടുകളായിരുന്നു.
അങ്ങാടിപ്പുറത്തെ
പാറക്കെട്ടുകള്‍
ലോക സഞ്ചാരി കൂടിയായ ബുക്കാനന്‍ അങ്ങാടിപ്പുറത്ത് എത്തിയപ്പോഴാണ് പാറക്കെട്ടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളില്‍ ചെങ്കല്ലിന്റെ ഉപയോഗക്ഷമതയും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. അത് പിന്നീട് കാലം മായിക്കാത്ത ചരിത്രമാവുകയും ചെയ്തു. നിഗൂഢവും അതോടൊപ്പം ആകര്‍ഷകവുമായ പാറക്കെട്ടുകള്‍ നനവുള്ളപ്പോള്‍ കട്ടകളായി മുറിച്ചെടുക്കാനാകുമെന്നും ഉണങ്ങിയാല്‍ ഉറപ്പ് കൂടുമെന്നും ബുക്കാനന്‍ കണ്ടെത്തി. പാറക്കെട്ടുകളില്‍ നിന്ന് മുറിച്ചെടുക്കുന്ന കട്ടകള്‍ ഇഷ്ടിക എന്നര്‍ഥം വരുന്ന ലാറ്റിറിറ്റി സെന്‍സ് എന്ന ലാറ്റിന്‍ പദത്തെ ആസ്പദമാക്കി ലാറ്ററൈറ്റ് (ചെങ്കല്ല്) എന്നു നാമകരണം ചെയ്തു.
ഈര്‍പ്പമേറിയ ഉഷ്ണമേഖല പ്രദേശങ്ങളില്‍ പാറകള്‍ മൂലമാണ് ലാറ്ററൈറ്റ് ഉണ്ടാവുന്നതെന്ന് പരീക്ഷണത്തിലൂടെ ബുക്കാനന്‍ കണ്ടെത്തി. ചുവന്ന പുള്ളികളോടെ കാണപ്പെടുന്ന ചെങ്കല്ല് സുദൃഢമാണ്. അതുകൊണ്ട് തന്നെ കെട്ടിട നിര്‍മാണത്തിന് ഏറെ അനിയോജ്യമായിരിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. പാറക്കെട്ടുകളില്‍ സിലിക്കയും ക്ലോറിനുകളും ഇരുമ്പ്, അലുമിനീയം എന്നിവയുടെ ഓക്‌സൈഡുകളും വ്യത്യസ്ത രീതിയില്‍ അടങ്ങിയയിട്ടുണ്ട്. ഇതിന് പുറമെ ഇരുമ്പ്, നിക്കല്‍, അലുമിനിയം തുടങ്ങിയവയുടെ അയിരുകളും ഉള്‍പ്പെടുന്നു. കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന പദാര്‍ഥം എന്നാണ് ബുക്കാനന്‍ അങ്ങാടിപ്പുറത്ത് നിന്ന് ചെങ്കല്ല് അടര്‍ത്തിയെടുത്ത് ചൂണ്ടിക്കാട്ടിയത്.
വെട്ടിയെടുത്ത ചരിത്രം
അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തിയ ചെങ്കല്ലിന്റെ മഹത്വം ഇന്ത്യയിലും പിന്നീട് ലോകത്തെങ്ങും പടര്‍ന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ചെങ്കല്ല് കണ്ടെത്തുകയും അവ അടര്‍ത്തിയെടുത്ത് ചെങ്കല്ല് കെട്ടിടങ്ങള്‍ പണിയുകയുംചെയ്തു. കേരളത്തില്‍ ആദ്യകാലത്ത് വീതിയുള്ള മഴു ഉപയോഗിച്ചായിരുന്നു ചെങ്കല്ല് വെട്ടിയെടുത്തിരുന്നത്. ഒരാള്‍ക്ക് 25 മുതല്‍ 50 വരെ ചെങ്കല്ല് മാത്രമെ അടര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. കല്ലുവെട്ട് മെഷീന്‍ വന്നതോടെ ഒരു കുഴിയില്‍ നിന്ന് തന്നെ ആയിരത്തിലേറെ കല്ലുകള്‍ മണിക്കൂറുകള്‍ക്കകം വെട്ടി എടുക്കാനാകും. ആയതിനാല്‍ തന്നെ നിയന്ത്രമില്ലാതെ ചെങ്കല്ല് ഖനനം നടക്കുന്നുണ്ട്. മേഖലയില്‍ കൂടുതലും ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളുമാണ്.
ചെങ്കല്ല് കൊണ്ടൊരു
സ്മാരകം
ചെങ്കല്ലിന്റെ ചരിത്രവഴിയില്‍ കാലത്തിലേക്ക് പിന്‍വാങ്ങിയ സഞ്ചാരിയുടെ ഓര്‍മയിലേക്ക് സ്മാരകം പണിയാന്‍ പിന്നേയും വര്‍ഷങ്ങള്‍ ഏറെയെടുത്തു. 1979 ഡിസംബര്‍ 11 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ലാറ്ററൈസേഷന്‍ സെമിനാറിലാണ് ബുക്കാനന് ഒരു സ്മാരകം പണിയണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ചെങ്കല്ലുകൊണ്ടുതന്നെ അങ്ങാടിപ്പുറത്ത് സ്മാരകം പണിയുകയായിരുന്നു. പെരിന്തല്‍മണ്ണ ജൂബിലി ജങ്ക്ഷനില്‍ നിന്ന് വിളിപ്പാടകലെയുള്ള സര്‍ക്കാര്‍ റെസ്റ്റ് ഹൗസിന് മുന്‍പിലാണ് ചരിത്രക്കിലേക്കുള്ള ചൂണ്ടുപലകയായി സ്മാരകസ്തൂപം നിലകൊള്ളുന്നത്.
ചരിത്രാന്വേഷിയുടെ വരവ്
ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ശസ്ത്രക്രിയാ വിദഗ്ധനായി ജോലി സ്വീകരിച്ചാണ് ബുക്കാനന്‍ ബംഗാളിലെത്തിയത്. സസ്യങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ബംഗാളിലെ സസ്യങ്ങള്‍ മാത്രമല്ല ഗംഗ, ബ്രഹ്മപുത്ര നദികളിലെ മത്സ്യങ്ങളെക്കുറിച്ചും അദ്ദേഹം പഠനംനടത്തി. അന്നുവരെ കണ്ടെത്താത്ത 100 ഇനം മത്സ്യങ്ങളെയാണ് അദ്ദേഹം കണ്ടെത്തിയത്. ബംഗാളിലെ പഠനത്തിനിടക്കാണ് വെല്ലസ്ലി പ്രഭു അദ്ദേഹത്തോട് മലബാര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചത്. മലബാറിലെ വിവിധ മതസ്ഥരായ ജനങ്ങളെ നേരില്‍ക്കണ്ട് അവരുടെ അനുഭവങ്ങള്‍, ആചാരവിശേഷങ്ങള്‍, ജീവിതായോധനമാര്‍ഗങ്ങള്‍, അറിവുകള്‍ എന്നിവ ചോദിച്ചറിഞ്ഞു. ഈ ഘട്ടത്തിലാണ് അദ്ദേഹം പരന്ന പാറക്കെട്ടുകള്‍ കണ്ടെത്തുന്നതും പരീക്ഷണം നടത്തുന്നതും.
വേണം അധികൃതരുടെ
സംരക്ഷണം
ലോക സഞ്ചാരിയുടെ പാദമുദ്രപതിഞ്ഞ മണ്ണില്‍ സ്ഥാപിച്ച സ്മാരകം ഇന്ന് പുല്ലു നിറഞ്ഞ് അഗവണനയിലാണ്. ചെങ്കല്ലിന്റെ ചരിത്രവും സ്മാരക നിര്‍മാണ ഉദ്ദേശ്യവും കൊത്തിവച്ച ഫലകവും ഇന്ന് മാഞ്ഞുകൊണ്ടിരിക്കുന്നു. അധികൃതരുടെ അവഗണ പേറിനില്‍ക്കുന്ന സ്മാരകത്തിനു സംരക്ഷണം നല്‍കാതിരിക്കുമ്പോള്‍ ലോകചരിത്രാടയാളം കൂടിയാണ് മാഞ്ഞുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."