ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് നിയന്ത്രണം: പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് നിയന്ത്രണം: പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിലുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ് സ്‌റ്റോറിനും പ്ലേസ്‌റ്റോറിനും നിര്‍ദ്ദേശം നല്‍കിയതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ആപ് സ്‌റ്റോറിലും പ്‌ളേസ്‌റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. നിലവിലെ ഐടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. റിസര്‍വ് ബാങ്കുമായി ആലോചിച്ചു ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചി കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ നിരന്തരമായ ഭീഷണി കുടുബം നേരിട്ടിരുന്നു. കൂട്ട ആത്മഹത്യക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ വായ്പാ ആപ്പിന്റെ വേട്ടയാടല്‍ തുടരുകയാണ്. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഭീഷണി തുടരുന്നത്.
കടമക്കുടി മാടശ്ശേരി നിജോ(39), ഭാര്യ ശില്‍പ്പ(29), മക്കള്‍ ഏബല്‍ (8), ആരോണ്‍ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ വരാപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."