എന്താണ് ഡിജിറ്റല്‍ മദ്‌റസ
പഠനം എളുപ്പമാകാനും ചെറിയ സമയം കൊണ്ട് കൂടുതല്‍ പഠനം സാധ്യമാകാനും ആധുനിക പഠന രീതികള്‍ ആവശ്യമാണ്. ടി.വി പ്രൊജക്ടറുകള്‍, ഇന്ററാക്ടീവ് ബോര്‍ഡുകള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വഴി സമസ്തയുടെ മദ്‌റസ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, വീഡിയോകള്‍, ഇമേജുകള്‍, ഓഡിയോകള്‍, ആനിമേറ്റഡ് കണ്ടന്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ കണ്ടന്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണിവിടെ. മദ്‌റസയിലെ ഒരു ക്ലാസ് മുറിയെങ്കിലും സ്മാര്‍ട്ട് ക്ലാസ് റൂം ആയി മാറേണ്ടതുണ്ട്. നിലവില്‍ ഒട്ടനവധി മദ്‌റസകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മദ്‌റസകളില്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെക്‌സ്ച്വല്‍ ടീച്ചിംഗ് (ടെക്സ്റ്റ് ബുക്ക് അധിഷ്ഠിത അധ്യാപനം) അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമെന്നോണം എല്ലാ മദ്‌റസകളിലും സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സംവിധാനിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഒരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. വലിയൊരു ശതമാനം മദ്‌റസ അധ്യാപകരും ഇതില്‍ തല്‍പരരാണ്. അവരുടെയൊക്കെ കൂട്ടായ പരിശ്രമഫലമായി വലിയൊരു ശതമാനം മദ്‌റസകളിലും സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ ഉപയോഗിക്കേണ്ട ഡിജിറ്റല്‍ കണ്ടന്റുകളുടെ (ഉള്ളടക്കങ്ങളുടെ) അപര്യാപ്തത ഇന്നുണ്ട്. ഇതിനൊരു പരിഹാരമായി മദ്‌റസ ക്ലാസുകളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് അനുബന്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കാണാനും കേള്‍ക്കാനും സാധിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളാണ് നാം ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് മദ്‌റസ വിദ്യാഭ്യാസ രംഗത്ത് വലിയ പരിവര്‍ത്തനം തന്നെ സൃഷ്ടിക്കും.
കാരണം, കേവലം ക്ലാസുകള്‍ കേള്‍ക്കുക, പരീക്ഷകള്‍ എഴുതുക എന്നതിനപ്പുറത്തേക്ക് പാഠഭാഗങ്ങളിലെ പാട്ടുകളും മറ്റു ഉള്ളടക്കങ്ങളും ആകര്‍ഷണീയമായ പശ്ചാത്തലത്തില്‍ വീഡിയോകളായും ഓഡിയോകളായും വിദ്യാര്‍ത്ഥികളിലേക്കെത്തുന്നു. നിസ്‌കാരം, ഹജ്ജ് പോലുള്ള കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ ഏറ്റവും പുതിയ മോഷന്‍ ഗ്രാഫിക്‌സ്, എ.ആര്‍ (ഓഗ്‌മെന്റഡ് റിയാലിറ്റി), വി.ആര്‍ (വെര്‍ച്ച്വല്‍ റിയാലിറ്റി) സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നു. ഇത്തരം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ കുട്ടികളെ മാനസികമായി തന്നെ സ്വാധീനിക്കുകയും അവരുടെ ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കൂടുതല്‍ പ്രചോദനവും പ്രോല്‍സാഹനവും നല്‍കുന്നതുമായിരിക്കും.
ഒന്നാം ക്ലാസ് ഡിജിറ്റല്‍ ക്ലാസ്
ആദ്യഘട്ടം ഒന്നാം ക്ലാസിലേക്കുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങളടങ്ങിയ ഇ-ലേണിംഗ് കിറ്റ് ആണ് മദ്‌റസകളിലേക്ക് എത്തിക്കുന്നത്. ഒന്നാം ക്ലാസിലെ തഫ്ഹീമുത്തിലാവ പാഠപുസ്തകം പൂര്‍ണമായും ഡിജിറ്റല്‍ കണ്ടന്റുകളുടെ സഹായത്തോടെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. ഒപ്പം, വര്‍ക്ക്ബുക്കിലുള്ള പ്രധാന ഭാഗങ്ങളും ഡിജിറ്റല്‍ ഉള്ളടക്കങ്ങളായി മദ്‌റസകള്‍ക്ക് ലഭിക്കും. ഒരു തവണ ഇ-ലേണിംഗ് കിറ്റ് സ്വന്തമാക്കിയാല്‍ എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ആസ്തിയായി തന്നെ ഇത് മദ്‌റസകള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. രണ്ടു മുതല്‍ ഉയര്‍ന്ന ക്ലാസിലേക്കുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങളും വൈകാതെ തന്നെ പുറത്തിറങ്ങും.
സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കാം.
ആകര്‍ഷണീയമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കുക.
ഫര്‍ണ്ണിച്ചറുകളും മറ്റും ശിശു സൗഹൃദവും പരിസ്ത്ഥിതി സൗഹൃദവുമായിരിക്കാന്‍ ശ്രദ്ധിക്കുക.
വലിയ അളവിലുള്ള ഒരു ടി.വിയോ പ്രൊജക്ടര്‍ സ്‌ക്രീനുകളോ ഇന്ററാക്ടീവ് ബോര്‍ഡുകളോ ഡിജിറ്റല്‍ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ലാസ്മുറിയില്‍ തയ്യാറാക്കുക.
ആവശ്യമായ ഓഡിയോ സംവിധാനങ്ങളും തയ്യാറാക്കണം.
ആദ്യഘട്ടത്തില്‍ ഒന്നാം ക്ലാസ് സ്മാര്‍ട്ട്, ഡിജിറ്റല്‍ ക്ലാസ്‌റൂമുകളായി സജ്ജീകരിക്കല്‍ അത്യാവശ്യം തന്നെയാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും സമസ്ത ഇ-ലേണിംഗ് ജില്ലാ കോര്‍ഡിനേറ്റര്‍മാരില്‍ നിന്ന് മദ്‌റസ മാനേജ്‌മെന്റുകള്‍ക്ക് ലഭ്യമാകും.
ഇ-ലേണിംഗ് കിറ്റ് സ്വന്തമാക്കാം?
ഒന്നാം ക്ലാസിലേക്കുള്ള ഡിജിറ്റല്‍ കണ്ടന്റുകളുടെ ഇ-ലേണിംഗ് കിറ്റ് ലഭ്യമാകാന്‍ www.samtsahaelearning.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഡിജിറ്റല്‍ മദ്‌റസ ക്ലാസ് റൂം പേജില്‍ എത്തുക.
പദ്ധതിയെ കുറിച്ച് പേജില്‍ നല്‍കിയ വിവരങ്ങള്‍ വായിക്കുക. ശേഷം താഴെയുള്ള രജിസ്റ്റര്‍ ബട്ടണില്‍ അമര്‍ത്തി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ശേഷം ഓണ്‍ലൈന്‍ ആയി തന്നെ ഇ-ലേണിംഗ് കിറ്റിന്റെ വിലയും നല്‍കാവുന്നതാണ്. ഇതോടെ രജിസ്‌ട്രേഷന്‍ / ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയായി.
ശേഷം റൈഞ്ച് / ജില്ലാ തലങ്ങളില്‍ നടക്കുന്ന അധ്യാപകര്‍ക്കുള്ള ഇ-ലേണിംഗ് പരിശീലന പരിപാടികളില്‍ വെച്ച് ഇ-ലേണിംഗ് കിറ്റ് മദ്‌റസകള്‍ക്ക് ലഭിക്കുന്നതായിരിക്കും.
അധ്യാപകര്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസ്‌റൂം /
ഇ- ലേണിംഗ് പരിശീലനം
മദ്‌റസകളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളില്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ ഉപയോഗിച്ച് അധ്യാപനം നടത്തുന്നതിന് റൈഞ്ച്, ജില്ലാ തലങ്ങളില്‍ അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതായിരിക്കും. പ്രസ്തുത പരിശീലന പരിപാടികളില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം ക്ലാസിലെ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ശ്രമിക്കണം. മറ്റു ക്ലാസുകളിലെ അധ്യാപകര്‍ക്കും പങ്കെടുക്കാം.
പരിശീലന പരിപാടികളില്‍ വെച്ച് ടി.വി, പ്രൊജക്ടര്‍, ഇന്ററാക്ടീവ് ബോര്‍ഡുകള്‍ ഉപയോഗിച്ച് അധ്യാപനം നടത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നല്‍കുന്നതാണ്. പവര്‍പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും ഓഡിയോകളും ഉള്‍പ്പെടെയുള്ള മറ്റു ഉള്ളടക്കങ്ങളും എങ്ങനെ മദ്‌റസ പാഠപുസ്തകങ്ങളുമായി സമന്വയിപ്പിക്കാം എന്നു കൂടി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും.
സമസ്ത നൂറാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ മദ്‌റസ ക്ലാസ്‌റൂം പദ്ധതിയുടെ വ്യാപനത്തിനും വിജയത്തിനുമായി മുഴുവന്‍ മദ്‌റസ അധ്യാപകരുടെയും മാനേജ്‌മെന്റുകളുടെയും സജീവ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അറിയിക്കുകയാണ്. ഇതു കൂടാതെ ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസ, ഓണ്‍ലൈന്‍ വഴി മുതിര്‍ന്നവര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളും ഉണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ രൂപീകരിച്ച സമസ്ത ഇ-ലേണിംഗ് എന്ന പ്രത്യേക സമിതിയാണ് ഈ പദ്ധതികളുടെയെല്ലാം നിര്‍വ്വഹണം നടത്തുന്നത്. നിങ്ങള്‍ക്കാവശ്യമായ വിവരങ്ങളും സഹായങ്ങളും നല്‍കാന്‍ ജില്ലകളില്‍ സമസ്ത ഇ-ലേണിംഗ് കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മദ്‌റസകള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് പദ്ധതിയെ കുറിച്ച് കൂടുതലറിയാവുന്നതാണ്.
ഡിജിറ്റല്‍ മദ്‌റസ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോകളായി കാണാനും കേള്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഇതോടൊപ്പമുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം
(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും അക്കാദമിക് കൗണ്‍സില്‍ കണ്‍വീനറും കൂടിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."