വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി
പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസറ്റ് ബസ് ഡ്രൈവര്‍ക്കു മേല്‍ നരഹത്യാക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ഡ്രൈവര്‍ ജോമോന്‍ ഇന്നലെയാണ് പിടിയിലായത്. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോനെ കൊല്ലം ചവറയില്‍ വച്ചാണ് പൊലിസ് പിടികൂടിയത്.
വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. ഇടതുവശത്തു കൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുലര്‍ച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവര്‍ ക്ഷീണിതനാണെന്നത് വകവെക്കാതെ രാത്രി വീണ്ടും വാഹനം ഓടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ ജോമോന്റെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവ സമയത്ത് ജോമോന്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാനാണ് പരിശോധന.
അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തല്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശം ഉണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."