അഭ്യൂഹങ്ങളുടെ സർക്കാർ
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നാരംഭിക്കുകയാണ്. പുതിയ മന്ദിരത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ ദേശീയപതാക ഉയർത്തിയതോടെ ഈ സമ്മേളനത്തിന്റെ ഏതാനും ദിവസങ്ങളെങ്കിലും പുതിയ പാർലമെന്റ് മന്ദിരത്തിലാണ് നടക്കുകയെന്ന് ഉറപ്പായി. വിനായക ചതുർഥി ദിനമായ നാളെ പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റിയേക്കുമെന്നാണ് അഭ്യൂഹം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡയും ഇതുതന്നെയാണോയെന്ന് വ്യക്തമായിട്ടില്ല.
സമ്മേളനത്തിന്റെ അജൻഡ സർക്കാർ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ദുരൂഹത ബാക്കിയുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കേണ്ട ബില്ലുകളൊന്നും സർക്കാർ പ്രഖ്യാപിച്ച അജൻഡയിലില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ലക്ഷ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ തുടരുകയാണ്.
മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ജനാധിപത്യത്തിൽ നിർബന്ധമായും വേണ്ട സുതാര്യത ഇല്ലാതായിരിക്കുന്നു. ദുരൂഹതകളും അഭ്യൂഹങ്ങളുമാണ് രാജ്യത്തെ ചൂഴ്ന്നുനിൽക്കുന്നത്. എന്താണ് നടക്കാൻ പോകുന്നതെന്ന് ഊഹിക്കാനെ പറ്റൂ.
മാധ്യമങ്ങൾക്ക് മാത്രമല്ല അഭ്യൂഹങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. എന്താണ് രാജ്യത്ത് അടുത്തതായി നടക്കാൻ പോകുന്നതെന്ന് പ്രതിപക്ഷത്തിനും ജനപ്രതിനിധികൾക്കും പോകട്ടെ, മന്ത്രിമാർക്കുപോലും അറിയില്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുക, ഏക സിവിൽകോഡ് ബിൽ കൊണ്ടുവരിക, ഈ വർഷം അവസാനം നടക്കാൻ പോകുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുക എന്നിവയിലേതെങ്കിലുമൊന്നോ ഒന്നിലധികമോ ലക്ഷ്യമാണ് ഈ സമ്മേളനത്തിൽ സർക്കാരിനുള്ളതെന്നാണ് അഭ്യൂഹം.
രാജ്യസഭ പാസാക്കിയ അഡ്വക്കറ്റ്‌സ് ഭേദഗതി ബിൽ, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, രാജ്യസഭയിൽ അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് കമ്മിഷണർമാരുടെയും നിയമനം സംബന്ധിച്ച ഭേദഗതിബിൽ എന്നിവയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചു പാസാക്കാൻ സർക്കാർ പരസ്യമാക്കിയ അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലേതാണ് ഇത്ര പ്രാധാന്യത്തോടെ പാസാക്കേണ്ടതായുള്ളത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെയും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെയും നിയമിക്കാൻ പുതിയ സമിതിയെ നിയമിക്കുന്നതിനുള്ള ബില്ലാണ് ഇക്കൂട്ടത്തിൽ അൽപമെങ്കിലും പ്രാധാന്യമുള്ളത്.
ഈ ബിൽ ഒാഗസ്റ്റ് 10ന് രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന സമിതിയിൽനിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന വിവാദ ബില്ലാണിത്. ബിൽ പാസാക്കുന്നതോടെ സുപ്രിംകോടതി ജഡ്ജിമാർക്ക് തുല്യമായിരുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ പദവി കാബിനറ്റ് സെക്രട്ടറിക്ക് തുല്യമായി താഴും. തെരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന്റെ കീഴുദ്യോഗസ്ഥരായി മാറും.
ഒരു കാര്യം ഇപ്പോൾ അഭ്യൂഹമല്ല, സർക്കാർ തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാൻ പോകുന്നു. അതിനുവേണ്ടി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. സമിതി 23ന് യോഗം ചേരുകയും ചർച്ച നടത്തുകയും ചെയ്യും. സമിതിയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗം ആദിർ ചൗധരി പിൻമാറിയതോടെ സമിതിയും ഏകപക്ഷീയമാണ്. സമിതിയംഗങ്ങളിൽ സ്വതന്ത്രരെന്ന് ഒറ്റനോട്ടത്തിൽ സംശയിക്കുന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുതൽ സുഭാഷ് കാശ്യപ് വരെയുള്ളവർ സംഘ്പരിവാർ പക്ഷപാതികളാണ്. സമിതിയുടെ റിപ്പോർട്ട് എന്താണെന്നതിൽ സംശയം വേണ്ട. തെരഞ്ഞെടുപ്പ് ഏകീകരിക്കുകയെന്നത് ദേശീയ താൽപര്യമാണെന്നാണ് സർക്കാർ പറയുന്നത്. 37. 36 ശതമാനം മാത്രം
വോട്ടുവിഹിതമുള്ള ബി.ജെ.പിയുടെ നിലപാടുകൾ രാജ്യത്തെ പൊതുതാൽപര്യമോ ഭൂരിപക്ഷ താൽപര്യമോ അല്ല. തെരഞ്ഞെടുപ്പ് ഒരുമിപ്പിക്കാൻ താൽപര്യം ബി.ജെ.പിക്ക് മാത്രമേയുള്ളൂ. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം മാത്രമാണത്. കോൺഗ്രസും പ്രതിപക്ഷ സഖ്യമായ ഇൻഡ്യയും ഇതിനെ എതിർത്തിട്ടുണ്ട്. 2019ൽ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ മോദി സർക്കാർ, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആം ആദ്മി പാർട്ടി, തെലുങ്ക് ദേശം പാർട്ടി, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ മാത്രമാണ് ഇതിൽ പങ്കെടുത്തത്. എന്നാൽ ഇന്ന് ഈ പാർട്ടികൾക്കും അതിനോട് യോജിപ്പില്ല.
തദ്ദേശ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത് പ്രാദേശിക വികാരങ്ങളാവും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതോടെ ചർച്ചയാവുന്ന വിഷയങ്ങളിലും മാറ്റമുണ്ടാകും. പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഇല്ലാതാവും. ഇതോടെ നാനാത്വത്തിൽ ഏകത്വമെന്ന ആശയം പാർലമെന്റിലും ഇല്ലാതാവും. രാജ്യത്ത് ഏകാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യത്തിലൂടെ ഒരുക്കലാണ് തെരഞ്ഞെടുപ്പ് ഏകീകരണം.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനവിരുദ്ധ നടപടികളെ പൊടിക്കൈകൾ കൊണ്ട് മറയ്ക്കുന്ന നടപടികളിലാണ് ബി.ജെ.പി. ഗാർഹികാവശ്യങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കുമുള്ള പാചകവാതകത്തിന്റെ വില കുറച്ചിരിക്കുന്നു. പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി കൂടുതൽ പേരിലേക്ക് പാചകവാതക കണക്ഷനുകളെത്തിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എണ്ണ, പാചകവില തുടരെ ഉയരുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കു വിധേയമായി വില കൂട്ടുകയാണെന്നും അതിൽ സർക്കാരിന് നിയന്ത്രണമില്ലെന്നുമായിരുന്നു സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, വില കുറയുമ്പോൾ അത് സർക്കാർ ചെയ്തതാവും.
തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വപ്‌നങ്ങൾ വിൽക്കുകയാണ് മോദി സർക്കാർ. ജി20 ഉച്ചകോടിയോടെ ലോകം ഇന്ത്യയെ അംഗീകരിക്കാൻ തുടങ്ങിയെന്നും ഇന്ത്യയുടെ ശബ്ദം ലോകമെമ്പാടും എത്തിയെന്നുമാണ് മോദി സർക്കാരിന്റെ അവകാശവാദം. പൊള്ളയായ അവകാശവാദങ്ങളിലാണ് സർക്കാരിന്റെ നിൽപ്പ്. ജി20യുടെ ഭാഗമായുള്ള 20 രാജ്യങ്ങളിൽ പ്രതിശീർഷ വരുമാനം, മാനവ വികസന സൂചിക, തൊഴിൽശക്തി പങ്കാളിത്ത നിരക്ക്, ആഗോള പട്ടിണി സൂചിക, മറ്റ് ചില മാനദണ്ഡങ്ങൾ എന്നിവയിലെല്ലാം ഏറ്റവും താഴെയാണ് ഇന്ത്യ. ഈ സാഹചര്യം മാറണമെങ്കിൽ സർക്കാർ നയം മാറ്റുകയോ അല്ലെങ്കിൽ ജനം സർക്കാരിനെ മാറ്റുകയോ വേണം. ഇതിലേക്കുള്ള തയാറെടുപ്പ് രാജ്യത്തെ ജനങ്ങൾ തുടങ്ങേണ്ട സമയമായി.
Content Highlights:Government of rumours editorial
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."