വെള്ളൂരില്‍ സി.പി.എം ഭരണസമിതി തട്ടിയത് 44 കോടി; വിജിലന്‍സ് അന്വേഷണവും അട്ടിമറിച്ചു
സ്വന്തം ലേഖകന്‍
കോട്ടയം: വെള്ളൂര്‍ സഹകരണ ബാങ്കില്‍ നിന്നും സി.പി.എം ഭരണസമിതി തട്ടിയെടുത്ത 44 കോടിയിലേറെ രൂപ തിരിച്ചു പിടിക്കാന്‍ നടപടിയില്ല. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാനുള്ള സഹകരണ രജിസ്ട്രാറുടെ ഉത്തരവും പൂഴ്ത്തി. രാഷ്ട്രീയ ഇടപെടലില്‍ വിജിലന്‍സ് അന്വേഷണവും നിലച്ചു.
102 കോടിയിലേറെ മൂലധനമുണ്ടായിരുന്ന വൈക്കം വെള്ളൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ തട്ടിപ്പ് 2018 ല്‍ ആണ് കണ്ടെത്തിയത്. 30 വര്‍ഷമായി സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലേറെ വായ്പകളാണ് നല്‍കിയത്.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് തന്നെ ഒരേ വസ്തുവിന്റെ ഈടില്‍ കോടികള്‍ വായ്പ നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാങ്കിലെ ജീവനക്കാരുടെ ബന്ധുക്കളുടെ പേരിലും കോടികളുടെ വായ്പകള്‍ നിയമവിരുദ്ധമായി നല്‍കിയതായും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 1999 മുതല്‍ 2018 വരെ വ്യാപകമായ തട്ടിപ്പ് നടന്നതായി വ്യക്തമായി.
തട്ടിപ്പ് പുറത്തായതോടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ബാങ്ക് ഏറ്റെടുത്തു. സി.പി.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവും ഉള്‍പ്പെടെ തട്ടിപ്പില്‍ പങ്കാളികളായ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമായി 29 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവരില്‍ നിന്നും 44 കോടി തിരിച്ചുപിടിക്കാന്‍ സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു.
ബാങ്ക് സെക്രട്ടറിയെ അറസ്റ്റു ചെയ്തു ജോലിയില്‍ നിന്നും പിരിച്ചുവിട്ടതല്ലാതെ തുക തിരിച്ചുപിടിക്കാനോ തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ നടപടി ഉണ്ടായില്ല.
തട്ടിപ്പ് പുറത്തായതോടെ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസ് എടുത്തതിനപ്പുറം അന്വേഷണത്തിന് വിജിലന്‍സ് തയാറായിട്ടില്ല.
തട്ടിപ്പുകാരുടെ സര്‍ക്കാരിലുള്ള സ്വാധീനമാണ് തുടര്‍നടപടികള്‍ നിലയ്ക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."