കലക്ടര് മാമന്
തമീം സലാം കക്കാഴം
ഏറ്റവും വിലപ്പെട്ട പ്രകൃതിവിഭവം നമ്മുടെ കുഞ്ഞുങ്ങളാണെന്നു പറഞ്ഞത് ഹെർബർട്ട് ഹൂവറാണ്.
കുട്ടികളോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്നു ചോദിച്ചാൽ തന്റെ മകൻ ഋഷിത് നന്ദയോളം എന്നാണ് ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജയുടെ ഉത്തരം. അതിൽ പുതുതലമുറയോടുള്ള എല്ലാ കരുതലും സ്നേഹവും പ്രതീക്ഷയും അടങ്ങിയിരിക്കുന്നു. ഇന്നത്തെ വിദ്യാർഥികളായ, നാളത്തെ പൗരന്മാരായ കുഞ്ഞുങ്ങൾ എപ്പോഴും ഒരു നാഗരിക സമൂഹത്തിന്റെ പുരോഗതിയുടെ പരിച്ഛേദമാണ്. അവരെ കൂടുതൽ ശ്രദ്ധിക്കണം. അവകാശങ്ങൾ വകവച്ചുകൊടുത്ത് ശരിയായ ലക്ഷ്യബോധത്തോടെ വളർത്തണമെന്നുമാണ് കൃഷ്ണതേജയുടെ പക്ഷം. അതുകൊണ്ടാണ് ആലപ്പുഴ കലക്ടറുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ ഒന്നാമതായി പരിഗണിക്കുന്നത്. ദന്തഗോപുരത്തിലിരിക്കാതെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങുന്നതാണ് ഇഷ്ടം. ഐ.എ.എസ് എന്ന പ്രൗഢിയും കലക്ടർ എന്ന പ്രതാപവും ലഭിക്കുന്നതിനു മുമ്പേ, പഠനം പാതിവഴിയിൽ മുടങ്ങിപ്പോകുമെന്ന് ഭയന്നിരുന്ന, പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലം കൃഷ്ണതേജയ്ക്കുണ്ട്. കുട്ടികളെ കൈപിടിക്കാൻ കൂടുതൽ ശ്രദ്ധയും കരുതലും കാണിക്കുന്നതിന്റെ പ്രധാന വൈകാരികതയിതാണ്.
ഹിറ്റായ കുഞ്ഞുകുറിപ്പ്
ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരിക്കൽ ഹാക്ക് ചെയ്തു, പിന്നെയും ഹാക്ക് ചെയ്തെന്ന് സംസാരം.
പ്രിയ കുട്ടികളെ,
ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവുതന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നുകരുതി വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽതന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കൊന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
എന്തും ഓഡിറ്റ് ചെയ്യുന്ന നമ്മിൽ ചിലർ ഈ ഫേസ്ബുക്ക് കുറിപ്പിനെതിരേ വിമർശനവുമായി രംഗത്തെത്തി. ഹാക്ക് ചെയ്തെന്ന് വീണ്ടും സംശയിക്കുന്ന വിധത്തിലായിരുന്നു കുഞ്ഞുങ്ങൾക്കു വേണ്ടി പിന്നെയുള്ള കുറിപ്പ്. കലക്ടർ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന് കേൾക്കുമ്പോൾ തുള്ളിച്ചാടാത്ത കുട്ടികളില്ലല്ലോ...
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന്, മഴ പെയ്യാൻ വെമ്പിനിന്നൊരു ദിവസം, ആലപ്പുഴ കലക്ടറായി വി.ആർ കൃഷ്ണതേജ ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് ഇത്തരമൊരു അവധിയുടെ ഫയലാണ്. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുട്ടികളെ അഭിസംബോധന ചെയ്തിട്ട ഹൃദയഹാരിയായ കുറിപ്പ് നിമിഷങ്ങൾക്കകം വൈറലായി. ഈ കുഞ്ഞുകുറിപ്പ് ആലപ്പുഴ ജില്ലയും കടന്ന് കേരളം മുഴുവൻ ഷെയർ ചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ ഇഷ്ടത്തോടെ പ്രതികരിച്ചു. അടുത്തദിവസം മുതൽ വി.ആർ കൃഷ്ണതേജ സമൂഹമാധ്യമങ്ങളിലും മീഡിയകളിലും കുട്ടികളുടെ പ്രിയപ്പെട്ട ‘കലക്ടർ മാമൻ’ എന്ന വിശേഷണത്തിലൂടെ തരംഗമായി. അടുത്തിടെ, ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സോഷ്യൽമീഡിയയിലെ കുറിപ്പ് വി.ആർ കൃഷ്ണതേജയുടേതാകും. അതിൽ ഭൂരിഭാഗവും കുട്ടികൾക്ക് വേണ്ടിയുള്ള കരുതൽ നിറഞ്ഞ, അവരുടെ പിഞ്ചുമനസിനൊപ്പം സഞ്ചരിച്ച വരികൾ.
കുട്ടികൾക്കു വേണ്ടി
ഇപ്പോൾ ആലപ്പുഴയിലെ വിദ്യാർഥികൾക്ക് ഒരു സഹപാഠിയെപോലെ സുപരിചിതനാണ് കലക്ടർ. ഇഷ്ടംകൂടി ചിലർ നേരിട്ട് കലക്ടറേറ്റിൽ മാമനെ കാണാനെത്തി. ചിലർ തൊട്ടുനോക്കി. ചേർന്നുനിന്ന് ഫോട്ടോയെടുത്തു. ചില കുരുന്നുകൾക്ക് കലക്ടറുടെ കസേരയിലിരിക്കണമെന്ന് മോഹം. അവർക്കും അവസരം നൽകി. നിങ്ങൾ ഭാവിയിൽ ഐ.എ.എസ് നേടി ഈ കസേരയിൽ സ്ഥിരമായി ഇരിക്കണമെന്ന ഉപദേശവും നൽകി.
തളർന്നുകിടക്കുന്ന പെൺകുട്ടിയുടെ ആരോഗ്യപ്രശ്നത്തെ കുറിച്ച് സോഷ്യൽമീഡിയ വഴി സഹായം അഭ്യർഥിച്ച ആറുവയസുകാരിയെ ഉടൻതന്നെ വീട്ടിൽപോയി കണ്ടാണ് കൃഷ്ണതേജ പരാതി പരിഹരിച്ചത്. ഓമനപ്പുഴ സെന്റ് ആന്റണീസ് എൽ.പി സ്കൂളിലെ ഒന്നാംക്ലാസുകാരി പ്രതീക്ഷ (മീനാക്ഷി)യായിരുന്നു പരാതിക്കാരി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കടപ്പുറത്ത് വീട്ടിലെത്തി. ഇവരുടെ വീടിനു സമീപത്തെ തടിമില്ലിൽനിന്നുള്ള പൊടിമൂലം മീനാക്ഷിയുടെ അമ്മയുടെ സഹോദരിയുടെ മകൾ റിത്വികയ്ക്കും അപ്പൂപ്പനും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്നായിരുന്നു പരാതി. എട്ടുവയസുകാരി റിത്വിക സെറിബ്രൽപാൾസി ബാധിച്ച് ചികിത്സയിലാണ്. മീനാക്ഷിയുമായി സംസാരിച്ച ശേഷം, പ്രശ്നപരിഹാരത്തിന് നിർദേശം നൽകിയാണ് കലക്ടർ മടങ്ങിയത്.
പ്രളയബാധിതർക്കൊപ്പം
സിവിൽ സർവിസ് നേടിയ വി.ആർ കൃഷ്ണതേജയുടെ ആദ്യപോസ്റ്റിങ് ആലപ്പുഴയിലായിരുന്നു. 2016 ഒക്ടോബർ 14നാണ് ആലപ്പുഴയുടെ സബ്കലക്ടറായി ചുമതലയേൽക്കുന്നത്. 2018ലെ മഹാപ്രളയം തകർത്ത കുട്ടനാട് ഉൾപ്പെടുന്ന ജില്ലയിലെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ‘അയാം ഫോർ ആലപ്പി’ പദ്ധതിയിലൂടെ അവിശ്വസനീയമായ ഗതിവേഗം നൽകിയത് സബ്കലക്ടറായിരുന്ന കൃഷ്ണതേജയായിരുന്നു. കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റിൽനിന്ന് തുടങ്ങിയ ആശയമാണ് ലക്ഷക്കണക്കിന് ആളുകൾക്കു സഹായം ലഭിക്കാൻ കാരണമായത്. പ്രളയത്തിൽ തകർന്നടിഞ്ഞ അങ്കണവാടിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ആദ്യ ഫേസ്ബുക്ക് പോസ്റ്റിട്ട് ആറു മണിക്കൂറിനകംതന്നെ അതിന്റെ നിർമാണ ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധരായി ആളുകൾ മുന്നോട്ടുവന്നതോടെ ആത്മവിശ്വാസം ലഭിച്ചു. നിരവധി വ്യക്തികളും സംഘടനകളും സഹകരിച്ചപ്പോൾ പദ്ധതി വൻവിജയമായി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള നിരവധി ആളുകളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അയാം ഫോർ ആലപ്പി വഴി ഭാഗഭാക്കായത്. സന്നദ്ധരായി മുന്നോട്ടുവരുന്ന വ്യക്തികൾ നേരിട്ടാണ് ഗുണഭോക്താക്കൾക്കുള്ള സഹായങ്ങൾ കൈമാറുന്നുവെന്നത് പദ്ധതിയെ കൂടുതൽ സുതാര്യമാക്കി.
വീട് നഷ്ടപ്പെട്ടവർക്കുള്ള ഭവനങ്ങൾ, ക്ഷീരകർഷകർക്കാവശ്യമായ പശു, ആട്, താറാവ്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, വിധവകൾ, കൂലിപ്പണിക്കാർ തുടങ്ങിയവർക്കുള്ള ഉപജീവന മാർഗങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സഹായങ്ങൾ, സ്കൂളുകൾക്കുള്ള ശുദ്ധജല, കുടിവെള്ള പ്ലാന്റുകൾ, കംപ്യൂട്ടർ ലാബുകൾ, വിദ്യാർഥികൾക്ക് സൈക്കിൾ, പഠനോപകരണങ്ങൾ എന്നിവ പദ്ധതിവഴി വിതരണം ചെയ്തു.
പ്രളയത്തിൽ പൂർണമായി വീടുകൾ തകർന്നവരിൽനിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ 500ഓളം വീടുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പദ്ധതിവഴി നിർമിച്ചു നൽകിയത്. 2019 സെപ്റ്റംബറിൽ ടൂറിസം ഡയരക്ടർ പദവി ലഭിച്ചതോടെയാണ് ആലപ്പുഴയിൽനിന്ന് മടങ്ങിയത്. ഇപ്പോൾ കലക്ടറായി മടങ്ങിയെത്തിയപ്പോൾ അയാം ഫോർ ആലപ്പി പുനരുജ്ജീവിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന് കൃഷ്ണതേജ പറയുന്നു.
ദിശമാറിയൊഴുകിയ ജീവിതം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ മൈലാവരപ്പ് ശിവാനന്ദ കുമാറിന്റെയും ഭുവനേശ്വരി മൈലാവരപ്പിന്റെയും മകനാണ് വി.ആർ കൃഷ്ണതേജ. 2015 ഐ.എ.എസ് ബാച്ചിലെ 66ാം റാങ്കുകാരൻ. ജെ.എൻ.ടി.യു കാക്കിനടാ കോളജിൽനിന്ന് റാങ്കോടെ എൻജിനീയറിങ് പാസായി സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുമ്പോഴാണ് സിവിൽ സർവിസ് ലഭിക്കുന്നത്.
എൻജിനീയറിങ് കഴിയുന്നതുവരെ ഐ.എ.എസ് താൻ സ്വപ്നം കണ്ടിരുന്നില്ലെന്ന് കൃഷ്ണതേജ. പഠനശേഷം ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ കൂട്ടുകാരനൊപ്പം 30 കിലോമീറ്റർ അപ്പുറത്തുള്ള കോച്ചിങ് സെന്ററിൽ പോകാൻ ഇടയായതാണ് തന്റെ വിധി മാറ്റിയത്.
കലക്ടറുടെ പ്രാഥമികധർമം ജനസേവനമാണ്. ഏറെ സന്തോഷത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് ജോലിചെയ്യുന്നത്. ഏതുതരം വിമർശനങ്ങളെയും പോസിറ്റീവായി കാണുന്നു. നേരത്തെ സബ്കലക്ടർ ആയിരുന്നതിനാൽ ആലപ്പുഴയുടെ ഭൂമിശാസ്ത്രത്തെയും ജനങ്ങളെയും അടുത്തറിയാം. തന്റെ മുത്തച്ഛനാണ് പഠനത്തിനു ചെറുപ്പത്തിൽ പ്രചോദനമായത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പഠനം നിർത്തി ജോലിക്കുപോകാൻ ബന്ധുക്കളുടെ വരെ സമ്മർദമുണ്ടായി. പക്ഷേ, അപ്പൂപ്പനും മാതാപിതാക്കളും എന്റെ ഇഷ്ടത്തെ പ്രോത്സാഹിപ്പിച്ചു. സ്കൂൾ വിട്ടശേഷം ഒരു മരുന്നുകടയിൽ വൈകിട്ട് ആറുമുതൽ ഒമ്പതുവരെ സഹായിയായി നിന്നു. പഠനത്തിനുള്ള സാമ്പത്തികം കണ്ടെത്താനായിരുന്നു അത്. ജീവിതത്തിലെ തിക്താനുഭവങ്ങളെ വിജയമാക്കി മാറ്റിയ കൃഷ്ണതേജയ്ക്ക് ജനസേവനം തന്നെയാണ് ഈ കലക്ടർ പദവി. അനുപമാ നൂളിയാണ് സഹോദരി. ഭാര്യ രാഗദീപയും മകൻ റിഷിത് നന്ദയും കൂടെയുണ്ട്.
സേവനസന്നദ്ധതയും ജീവകാരുണ്യപ്രവർത്തനവും ഹരമാണ് ഈ കലക്ടർക്ക്. ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റ് ആദ്യ മാസത്തെ ശമ്പളം കഴിഞ്ഞദിവസം ആതുരസേവന രംഗത്ത് പ്രവർത്തിയ്ക്കുന്ന കൂട്ടായ്മയ്ക്കാണ് കൈമാറിയത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."