ആഹ്ലാദം മൗനത്തിന്റെ മറയിലൊതുക്കി കേരള കോണ്‍ഗ്രസ് (എം)
യു.എച്ച് സിദ്ദീഖ്
കോട്ടയം: സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് നിയമസഭ കൈയാങ്കളി കേസില്‍ സുപ്രിംകോടതി ഹരജി തള്ളിയതിന്റെ സന്തോഷം മൗനത്തില്‍ ഒളിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം). കെ.എം മാണിക്ക് അഴിമതിമുദ്ര ചാര്‍ത്തിനല്‍കി സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് കേരള കോണ്‍ഗ്രസി (എം)നെയും ചെയര്‍മാന്‍ ജോസ് കെ. മാണിയേയും തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിന്റെ ഹരജി തള്ളിയതോടെ ആശ്വാസം കൊള്ളുകയാണ് കേരള കോണ്‍ഗ്രസ് (എം).
മാണിക്കെതിരായ പരാമര്‍ശത്തില്‍ തങ്ങളുടെ അമര്‍ഷം ഇടതുനേതൃത്വത്തെ രഹസ്യമായി അറിയിച്ചെങ്കിലും വിവാദം മാധ്യമങ്ങളുടെ തലയില്‍ കെട്ടിവച്ചു തലയൂരാനാണ് ജോസ് കെ.മാണിയും പാര്‍ട്ടിയും ശ്രമിച്ചത്. സര്‍ക്കാരിനും സി.പി.എമ്മിനും മുറിവേല്‍ക്കാത്ത വഴിയിലൂടെയാണ് ജോസ് കെ.മാണി നീങ്ങിയത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും എല്‍.ഡി.എഫ് കണ്‍വീനറുടെ നിലപാടിനൊപ്പം ജോസ് കെ. മാണിയും പാര്‍ട്ടിയും പരസ്യമായി നിലകൊണ്ടു. സുപ്രിംകോടതിയിലെ കെ.എം മാണിക്കെതിരായ നീക്കത്തില്‍ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. വിവാദം തണുപ്പിക്കാന്‍ മാണിയുടെ പേര് സത്യവാങ്മൂലത്തില്‍ ഇല്ലെന്ന വാദമാണ് ജോസ് ഉയര്‍ത്തിയത്.
മുന്‍ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതി ആരോപണം ഉയര്‍ന്നിരുന്നുവെന്നു മാത്രമാണ് സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവാദം തണുപ്പിക്കാന്‍ ജോസ് കെ. മാണി ഉയര്‍ത്തിയ വാദം. സുപ്രിംകോടതി വിധി എതിരായതോടെ മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിട്ടതിന്റെ ആഹ്ലാദം രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട് കേരള കോണ്‍ഗ്രസുകാര്‍.
എങ്കിലും സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പരസ്യപ്രതികരണങ്ങള്‍ ഉയരരുതെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."