യു.പിയില്‍ നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവേ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് മരണം
ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവേ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂര്‍ ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഭഗ്ദവ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അഷ്റഫ് അലി (30), സുഫിയാന് (12), മുഹമ്മദ് ഇല്യാസ് (16), തബ്രീസ് (17), അറഫാത്ത് (10), ഇദ്രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാന് (18), ചാന്ദ് ബാബു (18) എന്നിവരാണ് പരുക്കേറ്റ രണ്ടു പേര്. ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നബിദിനാഘോഷ പരിപാടികള്‍ അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി നന്‍പാറ പൊലിസ് സ്റ്റേഷന് പരിധിയിലുള്ള മസുപൂര്‍ ഗ്രാമത്തിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നു. മസുപൂരില്‍ എത്തിയപ്പോള്‍ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോള്‍ട്ടിന്റെ വൈദ്യുത കമ്പിയില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. അഞ്ച് പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റിനും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വീട്ടുകാര്‍ക്ക് വേണ്ട സഹായം നല്‍കാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."