അമ്പിനും വില്ലിനും അടുപ്പിച്ചില്ല; ശിവസേനയിലെ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പേരും ചിഹ്നവും
മുംബൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ മഹാരാഷ്ട്ര ശിവസേനയിലെ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങളുടെ വിഭജനം അതിന്റെ പൂര്‍ണതയിലേക്ക്. യഥാര്‍ത്ഥ ശിവസേന ആര് എന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായി. ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാര്‍ട്ടിയുടെ പേര്, ചിഹ്നം, പാര്‍ട്ടി സ്ഥാപകനും ഉദ്ദവ് താക്കറെയുടെ പിതാവുമായ ബാല്‍താക്കറെയുടെ പാരമ്പര്യം എന്നീ കാര്യങ്ങളിലാണ് അവകാശ തര്‍ക്കം. പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെങ്കിലും ബാല്‍താക്കറെയുടെ പാരമ്പര്യം അവകാശപ്പെട്ടുള്ള രാഷ്ട്രീയ സംവാദം അവസാനിക്കാനിടയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ ഉദ്ദവ് താക്കറെ വിഭാഗം സംതൃപ്തരല്ല എന്നതിനാല്‍ നിയമവ്യവഹാരവും തുടരുകയാണ്.
ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന ഇനി മുതല്‍ ശിവസേന-ഉദ്ദവ് ബാലസാഹേബ് താക്കറെ എന്നും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹേബാഞ്ചി ശിവസേന എന്നുമാണ് അറിയപ്പെടുക. താക്കറെ പക്ഷത്തിന് തീപ്പന്തമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഷിന്‍ഡെ വിഭാഗത്തിന്റെ ചിഹ്നം തീരുമാനിച്ചിട്ടില്ല. ഇരു വിഭാഗങ്ങള്‍ക്കും മൂന്ന് വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു.
കഴിഞ്ഞ ജൂണില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാരിനെ ശിവസേനയിലെ തന്നെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഉപയോഗിച്ച് ബി.ജെ.പി അട്ടിമറിക്കുകയായിരുന്നു. ശിവസേനയിലെ 48 എം.എല്‍.എമാരെ കൂടെ കൂട്ടിയാണ് ഷിന്‍ഡെ വിമതനീക്കത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കിയത്. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തീവ്രഹിന്ദുത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നും പാര്‍ട്ടി ആചാര്യനായിരുന്ന ബാല്‍ താക്കറെയുടെ ആശയങ്ങളില്‍ വെള്ളംചേര്‍ക്കുന്നുവെന്നുമായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ ആരോപണം. വിമത നീക്കത്തിന് പിന്നില്‍നിന്ന് ചരടുവലിച്ച ബി.ജെ.പി ഷിന്‍ഡെയെ മുന്നില്‍നിര്‍ത്തി ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
അന്ധേരി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പിളര്‍പ്പ് പൂര്‍ണമായ ശേഷം നടക്കുന്ന ആദ്യ ശക്തിപരീക്ഷണമായിരിക്കുമിത്. പുതിയ പേരിലും ചിഹ്നത്തിലുമായിരിക്കും മല്‍സരം. തര്‍ക്കം അവസാനിച്ചിട്ടില്ലാത്തതിനാല്‍ അന്തിമ തീര്‍പ്പ് ഉണ്ടാവുന്നതു വരെ ഇപ്പോള്‍ അനുവദിച്ച പേരിലും ചിഹ്നത്തിലും മല്‍സരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
ത്രിശൂലവും ഉദയസൂര്യനും ഗദയുമാണ് ഷിന്‍ഡെ വിഭാഗം അഭ്യര്‍ത്ഥിച്ച തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍. എന്നാല്‍ മതപരമായ സ്വത്വങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാട് കമ്മീഷന്‍ കൈക്കൊണ്ടു. ഇതോടെ ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു. പുതിയ ചിഹ്നം ഉടന്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും അനുവദിച്ചുകിട്ടാന്‍ ഇരുപക്ഷവും അവകാശവാദം ഉയര്‍ത്തിയതോടെ ഈ ചിഹ്നം മരവിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
പേരും ചിഹ്നവും മരവിപ്പിച്ചതിനെതിരേ ഉദ്ദവ് താക്കറെ പക്ഷം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും തന്റെ പാര്‍ട്ടിയുടെ വാദംകേള്‍ക്കാതെയാണ് ഉത്തരവെന്നും ഉദ്ദവ് പക്ഷം ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."