ലവ്‌ലി... ലവ്‌ലീന
ടോക്കിയോ: ഇതിഹാസ ബോക്‌സര്‍ മേരി കോം മെഡല്‍ കാണാതെ ഒളിംപിക്‌സില്‍ നിന്ന് പടിയിറങ്ങിയതില്‍ കണ്ണീരണിഞ്ഞ ഇന്ത്യന്‍ കായിക ആസ്വാദകര്‍ക്ക് ആശ്വാസവുമായി അസമുകാരി ലവ്‌ലീന ബോര്‍ഗോഹെയ്ന്‍. മേരി കോം നിരാശയോടെ മടങ്ങിയ അതേ ഇടിക്കൂട്ടില്‍ മുന്‍ ചാംപ്യനെ വീഴ്ത്തി ലവ്‌ലീന സെമിയിലേക്ക് കുതിച്ചു. വനിതകളുടെ 69 കിലോ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ മുന്‍ ലോക ചാംപ്യന്‍ ചൈനീസ് തായ്‌പെയുടെ ചെന്‍ നിയെന്‍ ചിന്നിനെയാണ് ലവ്‌ലീന അട്ടിമറിച്ചത്. തായ് താരത്തിനെതിരേ ലവ്‌ലീനയ്ക്ക് 4-1ന്റെ ആധികാരിക ജയം.
ടോപ് സീഡും നിലവിലെ ലോക ചാംപ്യനുമായ തുര്‍ക്കിയുടെ ബുസെനസ് സുര്‍മെനെല്ലിയാണ് സെമിയില്‍ ലവ്‌ലീനയുടെ എതിരാളി. സെമിയില്‍ പരാജയപ്പെട്ടാലും ഇന്ത്യക്ക് വെങ്കല മെഡല്‍ ലഭിക്കും.
ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും രണ്ടാമത്തെ വനിതാ താരവുമാണ് ലവ്‌ലീന. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ മേരി കോമും 2008ലെ ബീജിങ് ഒളിംപിക്‌സില്‍ വിജേന്ദര്‍ സിങും നേടിയ വെങ്കലമാണ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ അക്കൗണ്ടിലുള്ളത്.
മുന്‍പ് മൂന്ന് തവണ തായ് താരവും ലവ്‌ലീനയും ബോക്‌സിങ് റിങ്ങില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നിലും എതിര്‍ താരത്തിനായിരുന്നു ജയം. എന്നാല്‍ കണക്കുകളെല്ലാം കാറ്റില്‍പ്പറത്തി ലവ്‌ലീന ജയിച്ചു കയറി. തുടക്കത്തില്‍ തന്നെ ലവ്‌ലീന ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ആക്രമിക്കാനായി തന്റെ ഇടതു കൈയായിരുന്നു കൂടുതലായും ഉപയോഗിച്ചത്. രണ്ടാം റൗണ്ടില്‍ തായ്‌പെയ് താരവും ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ പോരാട്ടം മുറുകി. മത്സരത്തില്‍ ലവ്‌ലീനയുടെ ഉയരം എതിര്‍ താരത്തിന് തികച്ചും വെല്ലുവിളി തന്നെയായിരുന്നു. തായ്‌പെയ് താരം ആക്രമിക്കുമ്പോഴെല്ലാം ഇന്ത്യന്‍ താരം ഉയരത്തിനൊപ്പം ഒഴിഞ്ഞു മാറിയതോടെ എതിര്‍ താരത്തിന്റെ പഞ്ചില്‍ ചിലത് വെറുതെയായി. പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയുടെ നാദിനെ അപെറ്റ്‌സിനെ പരാജയപ്പെടുത്തിയാണ് ലവ്‌ലീന ക്വാര്‍ട്ടറിലെത്തിയത്.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."