ഐ.എന്‍.എല്ലില്‍ മഞ്ഞുരുകുന്നു; വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് കാസിം ഇരിക്കൂര്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍. ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന എല്‍.ഡി.എഫ് നിര്‍ദേശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്.
എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വഹാബ് പക്ഷം കയറുന്നത് തടഞ്ഞുകൊണ്ടുള്ള കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ് സമവായ ചര്‍ച്ചകളെ ബാധിക്കില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്. ഏതുപ്രശ്‌നത്തിനും പരിഹാരമുണ്ടാകും. ദേശീയ നേതൃത്വത്തിന്റെ ഉപദേശ,നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോവും. പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷി എന്ന നിലയിലാണ് ഹക്കീം അസ്ഹരിയുമായി രാഷ്ട്രീയകാര്യങ്ങള്‍ സംസാരിച്ചതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ബി. ഹംസ ഹാജി, എം.എ ലത്തീഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പ്രൊഫ. എ.പി അബ്ദുല്‍ വഹാബും ഹക്കീം അസ്ഹരിയുമായി ചര്‍ച്ച നടത്തിയിരുന്നു. സമവായചര്‍ച്ച പുരോഗമിക്കുന്നതിനിടെ, ഓഗസ്റ്റ് മൂന്നിന് ചേരാനിരുന്ന വഹാബ് പക്ഷത്തിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവച്ചു. തര്‍ക്കം തീര്‍ക്കുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഇരുവിഭാഗത്തെയും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."