വ്യക്തിവിചാരം; ജാത്യാലുള്ളത്
നീചനാരിതന്‍ കൈയാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്‍? (ചണ്ഡാല ഭിക്ഷുകി)
ലക്ഷണമൊത്ത മഹാ കാവ്യമെഴുതാതെ, മഹാകവിയായ കുമാരനാശാന്‍ ഈ വരികള്‍ എഴുതിയിട്ട് നൂറ്റൊന്നു വര്‍ഷമായി. ഇതിന്റെ പാരഡിയാണ് കഴിഞ്ഞ ദിവസം കേരള ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ കോട്ടയം പ്രസംഗം. 'ഞാന്‍ തരുന്ന പണത്തിന് അയിത്തമില്ല. എനിക്ക് അയിത്തമോ?' എന്നായിരുന്നു ചോദ്യം.
എട്ട് മാസം മുമ്പത്തെ ദുരനുഭവം മനസിലങ്ങനെ മഥിക്കുകയായിരുന്നു. സമാനമനസ്‌കരുടെ കൂട്ടത്തെ കണ്ടപ്പോള്‍ നാവില്‍നിന്നങ്ങ് വീണുപോയി. ഇനിയിതിന്റെ പൊല്ലാപ്പ് തീരുമോ? അയിത്തം നിയമവിരുദ്ധമാണ്. അയിത്തം കാട്ടിയെന്ന് പറഞ്ഞതാവട്ടെ മന്ത്രിയാണ്. അയിത്തം കാട്ടിയവരോട് മന്ത്രിയങ്ങ് പൊറുത്താല്‍ മതിയോ എന്ന ചോദ്യം ഉയരാതിരിക്കുന്നില്ല. അല്ലെങ്കില്‍ യോഗ ക്ഷേമ സഭയുടെയും മറ്റും വിശദീകരണം ശരി വയ്‌ക്കേണ്ടിവരും. ക്ഷേത്രത്തിന് പുറത്തായിരുന്നു നടപ്പന്തല്‍ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടകന്‍ ദേവസ്വം മന്ത്രിയാണ്. വിളക്കുമായി വന്ന മേല്‍ശാന്തി ദാ അതിപ്പോ തനിക്ക് തരുമെന്ന് മന്ത്രി കരുതി. കൊടുത്തില്ലെന്ന് മാത്രമല്ല, വിളക്കിലെ ഒരു തിരി കത്തിച്ച് കീഴ് ശാന്തിക്ക് കൊടുത്തു. അദ്ദേഹവും കത്തിച്ച് വിളക്ക് നിലത്തുവച്ചു. എടുത്തു കത്തിക്കാം. അവിടെയുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥ നിലത്തുനിന്ന് വിളക്കെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും അദ്ദേഹം അത് വാങ്ങിയില്ല. കത്തിച്ചുമില്ല. പ്രതിഷേധമായിരുന്നു. ഇതാണ് സംഭവം. ഇത് അയിത്തമാണെന്ന് മന്ത്രി അതേ ചടങ്ങില്‍ പ്രസംഗിച്ചപ്പോള്‍ ആരും ഗൗനിക്കാതിരുന്നത് എട്ടുമാസ ശേഷം കോട്ടയത്ത് പറഞ്ഞപ്പോള്‍ വിവാദമായി. പൂജാരി ആളുകളെ തൊട്ടാല്‍ അശുദ്ധമാകുമെന്നാണ് യോഗ ക്ഷേമക്കാരുടെ വിശദീകരണം. എങ്കില്‍ എന്തിന് പൂജാരികള്‍ ക്ഷേത്രത്തിന് പുറത്തിറങ്ങിയെന്ന് മന്ത്രി തിരിച്ചും ചോദിക്കുന്നു. ഏതായാലും ചടങ്ങില്‍ ധാരാളം പേരുണ്ടായിരുന്നുവെന്നിരിക്കെ ആരേയും തൊടാതെ മേല്‍ കീഴ് ശാന്തിമാര്‍ വീണ്ടുമൊരു കുളിക്ക് ഇട നല്‍കാതെ ശ്രീകോവിലില്‍ തിരിച്ചെത്തിയത് മഹാഭാഗ്യം.
അതിനിടയില്‍ ആരും കാണാതെ ചില തൊട്ടുകൂടായ്മയും ജനാധിപത്യവിരുദ്ധതയും രാധാകൃഷ്ണനും കട്ടു കടത്തി. 'ഞാന്‍ തരുന്ന പൈസ സ്വീകരിക്കാം. ഇറച്ചിവെട്ടുകാരും മത്സ്യക്കച്ചവടക്കാരും ട്രൗസറില്‍ കൊണ്ടു നടന്ന കാശാണ്' എന്ന് രാധാകൃഷ്ണന്‍ പറയുമ്പോള്‍ ദേവസ്വം വകുപ്പിന്റെ കാശിനെ തന്റേതാക്കുന്നതിലെ മമത സമ്മതിക്കാം. മത്സ്യക്കച്ചവടക്കാരോടും ഇറച്ചിവെട്ടുകാരോടും പുലര്‍ത്തുന്ന മമതിയില്ലായ്മയും കാണാതെ വയ്യ.
സ്ഥലം പയ്യന്നൂരാണ്. ഗാന്ധിജി വരികയും ഉപ്പു സത്യഗ്രഹം നടക്കുകയും ഒക്കെ ചെയ്ത സ്ഥലമാണെങ്കിലും സി.പി.എമ്മിന്റെ മേല്‍ ഈച്ച പറക്കാത്ത മണ്ണാണ്. ചടങ്ങില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വമ്പന്‍മാരുടെ സാന്നിധ്യമുണ്ട്. ഇപ്പോള്‍ പൊറുക്കില്ല, സഹിക്കില്ല, കാടത്തം എന്നൊക്കെ പ്രസ്താവിക്കുന്ന ഇവര്‍ അന്ന് മിണ്ടിയില്ല. താനും അപ്പഴേ അറിഞ്ഞുവന്ന് ജയരാജന്മാരും സാക്ഷ്യപ്പെടുത്തുന്നു. ദേവസ്വം മന്ത്രിയെന്നതൊക്കെ പോട്ടെ, സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗത്തിന് നേരെയുള്ള അയിത്താചരണത്തെ പോലും സഹിക്കാവുന്ന അവസ്ഥയില്‍ സി.പി.എം എത്തിയോ? ശൈലജ ടീച്ചര്‍ക്ക് മെഗ്‌സാസെ പുരസ്‌കാരം കിട്ടിയപ്പോള്‍ സ്വീകരിക്കാതിരുന്ന പാര്‍ട്ടി, രാധാകൃഷ്ണനു നേരെയുള്ള അയിത്തം അവഗണിക്കുമോ?
സി.പി.എമ്മിലായാലും രാധാകൃഷ്ണന്‍മാര്‍ക്ക് കുമ്പിളിലാണ് കഞ്ഞി. ഇത് അഞ്ചാം തവണയാണ് ചേലക്കര മണ്ഡലത്തില്‍നിന്ന് അദ്ദേഹം നിയമ സഭയിലെത്തുന്നത്. 1996 2001 ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന് പുറമെ യുവജന കാര്യവും സ്‌പോര്‍ട്‌സും രാധാകൃഷ്ണന്റേതായിരുന്നു. 2006 11ല്‍ നിയമസഭയിലെ സ്പീക്കറായി. 2021ല്‍ അദ്ദേഹത്തിന് കിട്ടിയത് പട്ടികജാതി വകുപ്പും ദേവസ്വവുമാണ്. ഇതുവരെ നിയമസഭ കണ്ടിട്ടില്ലാത്ത ബാലഗോപാലനും രാജീവും മുഹമ്മദ് റിയാസുമെല്ലാം ധനവും വ്യവസായവും മരാമത്തുമൊക്കെ കൊണ്ടുപോയി. പാര്‍ട്ടിയില്‍ റിയാസ് സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. രണ്ടു വര്‍ഷം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ വഹിച്ച സ്ഥാനങ്ങളിലായാലും ഭരണത്തിലെ പരിചയത്തിലായാലും നിയമസഭയിലെ അനുഭവത്തിലായാലും രാധാകൃഷണനോളം വരില്ലാരും. 2021ല്‍ ദലിതനെ ദേവസ്വം മന്ത്രിയാക്കിയേ എന്ന വായ്ത്താരി ജാതി വിവേചനത്തിന്റെ വാഴ്ത്തുപാട്ടായി. ഈ പാര്‍ട്ടിയിലാരും ജാതി ചോദിക്കില്ലെന്നു പറഞ്ഞുംകൂടാ. പട്ടിക ജാതി ക്ഷേമ സമിതിയെന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് രാധാകൃഷ്ണന്‍. അതിന്റെ അഖിലേന്ത്യാ രൂപമായ ദലിത് ശോഷന്‍ മുക്തി മഞ്ചിന്റെ ദേശീയ പ്രസിഡന്റും ഇദ്ദേഹമാണ്. കേന്ദ്ര കമ്മിറ്റിയില്‍ തന്നെ അഞ്ചു വര്‍ഷം പിന്നിട്ട രാധാകൃഷ്ണന്‍, താന്‍ പാര്‍ട്ടിയില്‍ അനുഭവിക്കുന്ന വിവേചനത്തെകുറിച്ചാവുമോ പറഞ്ഞിട്ടുണ്ടാവുക?
രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിവരെയായ ബാബു ജഗ്ജീവന്‍ റാം ഉദ്ഘാടനം ചെയ്ത സ്ഥലം സവര്‍ണര്‍ ചാണകം ഉപയോഗിച്ച് കഴുകി ശുദ്ധീകരിച്ചുവന്ന വാര്‍ത്ത ഉണ്ടായിരുന്നല്ലോ. എന്തിന് ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ അവഗണിച്ചു എന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്നു. അപ്പോള്‍ എങ്ങനെയാ, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് എം.ബി രാജേഷ് ന്യായേന അയിത്തക്കേസും അവസാനിപ്പിക്കുകയല്ലേ. രാഷ്ട്രപതിയേക്കാള്‍ വലുതാണോ രാധാകൃഷ്ണന്‍?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."