വിധിക്കു കാത്തുനില്‍ക്കാതെ പ്രവേശന നടപടിയുമായി സ്വാശ്രയ മാനേജ്‌മെന്റുകള്‍
ജഡ്ജി പിന്‍മാറിയതിനെതുടര്‍ന്ന് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനായി മാറ്റി
കൊച്ചി: മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടക്കുന്നതിനിടയില്‍ സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നീക്കം.
ഹൈക്കോടതി വിധിക്കുപോലും കാത്തുനില്‍ക്കാതെ ഇന്നലെ തന്നെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലൂടെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2016-17 വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 31 ന് മുന്‍പായി ലഭിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റ് കോളജുകള്‍ സ്വന്തം നിലയിലാണ് അപേക്ഷ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയിരിക്കുന്നത്. എം.ഇ.എസ് പെരിന്തല്‍മണ്ണ, മലബാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കോഴിക്കോട്, ശ്രീഗോകുലം മെഡിക്കല്‍ കോളജ് തിരുവനന്തപുരം തുടങ്ങിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് പ്രവേശന നടപടികള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായിട്ടുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്ന് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞദിവസം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് സീറ്റ് അലോട്ട്‌മെന്റ്, പ്രവേശനനടപടികള്‍ എന്നിവയുടെ പൂര്‍ണ അധികാരം എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് നല്‍കിയിരിക്കെയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതി വിധിക്കുപോലും കാത്തുനില്‍ക്കാതെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടയില്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ഡിവിഷന്‍ ബെഞ്ചിന് കേസ് കൈമാറിയത്.
ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്രമേനോന്‍ എന്നവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ മുമ്പു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികളില്‍ ഹാജരായിട്ടുള്ളതിനാല്‍ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ പിന്‍മാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് ഹരജി പുതിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
സര്‍ക്കാരിനെതിരേ നിയമപോരാട്ടത്തിനൊപ്പം പ്രവേശന നടപടികളുമായി മുന്നോട്ടുപോയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്ന സാഹചര്യമായിരിക്കും സംജാതമാകുകയെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശന അറിയിപ്പുകളുടെ പത്രപരസ്യങ്ങള്‍ ഇന്നലെയും വ്യാപകമായി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."