ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക്
ജോലി: വൈകിപ്പിക്കുന്നത് കേസുകള്‍
തിരൂര്‍: ദേശീയ ഗെയിംസില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കാനുള്ള കാലതാമസത്തിന് കാരണം കേസും സാങ്കേതിക പ്രശ്‌നങ്ങളും. കഴിഞ്ഞവര്‍ഷം നടന്ന ദേശീയ ഗെയിംസില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 250 താരങ്ങള്‍ക്കാണ് മുന്‍സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്.
ഒരുവര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. നിയമനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസും ഉദ്യോഗസ്ഥ തലങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളുമാണ് നടപടികള്‍ക്ക് വിലങ്ങുതടിയാകുന്നത്.
ദേശീയ ഗെയിംസില്‍ കേരളത്തിന് മെഡല്‍ നേടിയവര്‍ക്ക് തുല്യപരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളാണ് പ്രധാന തടസം. നാലു കേസുകളില്‍ രണ്ടെണ്ണത്തില്‍ സര്‍ക്കാര്‍ അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. രണ്ടു കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിപ്പിന്റെ പക്കലാണുള്ളത്. കേസും സാങ്കേതിക പ്രശ്‌നങ്ങളും നീക്കി അഭിമാന താരങ്ങള്‍ക്ക് എത്രയുംവേഗം ജോലി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മെഡല്‍ ജേതാക്കളായ കായിക താരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടന്നുവരികയാണ്. അര്‍ഹരായവര്‍ക്ക് എത്രയുംവേഗം ജോലി നല്‍കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
ഖോ-ഖോ പുരുഷ- വനിതാ വിഭാഗങ്ങളിലായി 24 പേര്‍ക്കാണ് ജോലി ലഭിക്കേണ്ടത്. ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 250 പേര്‍ക്കാണ് അവസരം ലഭിക്കാനുള്ളത്. നിയമന നടപടികള്‍ അനന്തമായി നീളുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കായിക മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമപ്രശ്‌നങ്ങള്‍കൂടി പരിഹരിക്കപ്പെട്ടാല്‍ ഇനിയും കാലതാമസമില്ലാതെ നിയമനം നടത്താനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ദേശീയ ഗെയിംസ് കഴിഞ്ഞ ഉടന്‍ സര്‍ക്കാര്‍ നടത്തിയ ജോലി വാഗ്ദാനം വര്‍ഷം ഒന്നുകഴിഞ്ഞിട്ടും നടപ്പാകാത്തതിനാല്‍ കായിക താരങ്ങള്‍ നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."