സുന്ദര്‍മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സുന്ദര്‍മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. നിയമത്തിനുമുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ആനി ജോണ്‍ വ്യക്തമാക്കി. സംഭവത്തിനുശേഷം പ്രതി സുന്ദര്‍മേനോന്‍ രാജ്യംവിട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന വാദി ഭാഗത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ഈ മാസം ഏഴിന് രാത്രി തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ഥിയുമായ പാര്‍വതിയെ സുന്ദര്‍മേനോന്‍ വീടുകയറി ആക്രമിച്ചെന്നാണ് പരാതി. പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലിസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദര്‍മേനോന്‍ രാജ്യം വിട്ടിരുന്നു. ഈ മാസം 11ന് അഡ്വ. എം.ജയചന്ദ്രന്‍ മുഖാന്തിരം സുന്ദര്‍മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.ബി രണേന്ദ്രനാഥ് പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് പാര്‍വതി സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും പരാതി നല്‍കിയിരുന്നു. 23നാണ് ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായത്. ഇന്നലെ ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."