മെഡിക്കല്‍ പി.ജി പിന്നോക്ക സംവരണം കോടതി അന്ത്യശാസനമുണ്ടായിട്ടും തീരുമാനം വൈകിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖിക
കോഴിക്കോട്: മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ പിന്നോക്ക സംവരണം ഉയര്‍ത്തുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍.
തീരുമാനമെടുക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി തീരാന്‍ ഇനി 10 ദിവസം മാത്രമേ ബാക്കിയുള്ളു. മാത്രമല്ല, മെഡിക്കല്‍ പി.ജി കോഴ്‌സ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 11ന് നടക്കുകയും ചെയ്യും. കാര്യങ്ങള്‍ ഇത്രത്തോളമെത്തിയിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സീറ്റ് നഷ്ടപ്പെടാനിടയാക്കും. വിവിധ കോണുകളില്‍ നിന്ന് ഇത് ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം പിന്നോക്ക സമുദായങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. സംവരണത്തില്‍ പിന്നോക്ക സമുദായങ്ങളുടെ ആശങ്ക ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ടി.എ അഹമ്മദ് കബീര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ പിന്നോക്ക വികസന കമ്മിഷനില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടുന്നമുറയ്ക്ക് നടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ മറുപടി. എന്നാല്‍, കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്.
കേരളത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍ക്ക് 30 ശതമാനം പിന്നോക്ക സംവരണം അനുവദിക്കുന്നുണ്ട്. എന്നാല്‍, പി.ജിക്ക് ഇത് ഒന്‍പത് ശതമാനം മാത്രമാണ്. ഇത്തരത്തിലുള്ള സംവരണ അട്ടിമറിക്കെതിരേ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. ഹൃദയ, ഡോ. സജിത്‌രാജ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നടപ്പായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുകയും മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഇത് ഈ മാസം 12ന് അവസാനിക്കും. മെഡിക്കല്‍ പി.ജി പ്രവേശനത്തിന് പിന്നോക്ക വിഭാഗത്തിന് 27 ശതമാനവും മുന്നോക്കക്കാര്‍ക്ക് 10 ശതമാനവും സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സംസ്ഥാന ക്വാട്ടയില്‍ പിന്നോക്ക സംവരണം ഉയര്‍ത്താനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."