ലക്ഷദ്വീപിലെ കെട്ടിടം പൊളിക്കലിനെതിരേ പ്രതിഷേധം ശക്തം: പട്ടേല്‍ മടങ്ങി
ഡല്‍ഹിയില്‍ എം.പിമാര്‍ പ്രതിഷേധിച്ചു
കവരത്തി: കവരത്തി പഞ്ചായത്തിന്റെ പുതിയ പദ്ധതികള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുനീക്കിയതിനെതിരേ പ്രതിഷേധം ശക്തം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നടപടിക്കെതിരേ കവരത്തി പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധ പ്രമേയം പാസാക്കി. വികസനപദ്ധതികളുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച വര്‍ക്‌ഷോപ് കെട്ടിടങ്ങള്‍ വിശദീകരണംപോലും കേള്‍ക്കാതെ പൊളിച്ച നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി തകര്‍ക്കാനുള്ള നീക്കം ജനാധിപത്യ സംവിധാനത്തിനെതിരേയുള്ള കടന്നാക്രമണമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. അതിനിടെ, അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേ ഡല്‍ഹിയില്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ എന്‍.സി.പി എം.പി മാര്‍ പ്രതിഷേധിച്ചു. കൂടാതെ മുന്‍ എം.പി ഹംദുള്ള സഈദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലിയെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചു. അതിനിടെ, ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി ഒരാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊച്ചി വഴി എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."