വിവാഹമോചനത്തിൽ സുപ്രിംകോടതി കളിയല്ല കല്യാണം
വിവാഹം സാധാരണകാര്യമല്ല; ഇന്ന് വിവാഹം, നാളെ മോചനം എന്ന രീതി ഇവിടെയില്ല
ന്യൂഡൽഹി • വൈവാഹിക ബന്ധത്തിൽ ഒരാൾ എതിർപ്പ് ഉന്നയിച്ചാൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. വിവാഹമോചനം എന്നത് രണ്ടുപേരും ഉഭയസമ്മതത്തോടെ നടത്തുന്ന വേർപിരിയലാണ്. അതിനാൽ പങ്കാളികളിൽ ഒരാൾ എതിർത്താൽ വിവാഹമോചനം സാധുവാകില്ലെന്നും വിവോഹമോചനം സംബന്ധിച്ച ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഭാര്യയുടെ എതിർപ്പുള്ളതിനാൽ പുരുഷന്റെ വിവാഹമോചന ഹരജി തള്ളി ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്.
കേസിനിടെ ദമ്പതികളുടെ വിദ്യാഭ്യാസ, തൊഴിൽ രീതികളും കോടതി പരാമർശിച്ചു.
യു.എന്നിന് കീഴിൽ ജോലി ചെയ്യുന്നയാളാണ് ഭർത്താവ്. കാനഡയിൽ പെർമനന്റ് റസിഡൻസി വിസയുള്ള ഭാര്യക്കും നല്ല ജോലിയുണ്ട്. അതിനാൽ രണ്ടു പേർക്കും പാശ്ചാത്യ രീതികളോട് താൽപര്യം ഉണ്ടാകാം. എന്നാൽ ഒരു കക്ഷി എതിർക്കുന്നപക്ഷം വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
വിവാഹം ഒരു സാധാരണ കാര്യമല്ല. ഇന്ത്യയിൽ വിവാഹബന്ധം ഗൗരവമുള്ളതാണ്. ഇന്ന് വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്ക് ഇന്ത്യ എത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ മോചനം അനുവദിക്കാനാകൂ.
ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഒരു കക്ഷി പ്രതീക്ഷിക്കുമ്പോൾ ദമ്പതികളെ പിരിക്കാൻ കോടതിക്ക് കഴിയില്ല. സമൂഹമാധ്യമംവഴി പരിചയപ്പെട്ട പുരുഷനെ വിശ്വസിച്ച് കാനഡയിലെ എല്ലാം ഉപേക്ഷിച്ചാണ് താൻ വന്നിരിക്കുന്നതെന്നും ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നുമുള്ള ഭാര്യയുടെ പ്രതികരണം വിശ്വാസത്തിലെടുക്കുകയാണെന്നും കോടതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദമ്പതികൾ ഒരുമിച്ചുജീവിച്ചത്. പരസ്പരം മനസിലാക്കാനുള്ള കാലയളവല്ല ഇത്. ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടുപേരും ഗൗരവപൂർവം ശ്രമിക്കണമെന്ന് നിർദേശിച്ച കോടതി, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 18 മാസമായി ഒരു ശ്രമവും നടന്നിട്ടില്ലെന്നും ബന്ധം തുടരാമെന്ന പ്രതീക്ഷയില്ലെന്നുമുള്ള ഭർത്താവിന്റെ വാദങ്ങൾ അംഗീകരിച്ചില്ല. ഒരുമിച്ചു ജീവിക്കാനാകുമോയെന്ന കാര്യത്തിൽ പുനഃപരിശോധന നടത്താൻ ദമ്പതികൾക്ക് നിർദേശം നൽകിയ കോടതി, മധ്യസ്ഥതയ്ക്കായി പഞ്ചാബ് – ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയെ നിയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."