ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുക്കൽ ആറുമാസത്തിനകം പൂർത്തിയാകും നഷ്ടപരിഹാര വിതരണം മാർച്ച് 31നകം
റഫീഖ് റമദാൻ
കോഴിക്കോട് • പാലക്കാട്ടു നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം ഒന്നര മണിക്കൂറാക്കി ചുരുക്കുന്ന എൻ.എച്ച് 966 ഗ്രീൻഫീൽഡ് പാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ആറുമാസത്തിനകം പൂർത്തിയാകും. നഷ്ടപരിഹാരത്തുക വിതരണം അടുത്ത മാർച്ച് 31നകം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. തുക ഇതിനകം ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടർമാരുടെ അക്കൗണ്ടുകളിലെത്തിയതായാണ് വിവരം.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കല്ല് സ്ഥാപിക്കുന്നത് മലപ്പുറം ജില്ലയിൽ പുരോഗമിക്കുകയാണ്. കോഴിക്കോട്ട് സ്ഥലമെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പേ ടെൻഡർ നടപടികൾ തുടങ്ങി. ജില്ലയിൽ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് ഹൈവേ വരുന്നത്. ഈ ഭാഗത്തിന്റെ ടെൻഡർ നവംബർ 25ന് തുറക്കും. 8.006 കി.മീ ദൂരത്തിലുള്ള പാതയുടെ ഈ ഭാഗത്തെ നിർമാണച്ചെലവായി കണക്കാക്കുന്നത് 600.29 കോടി രൂപയാണ്. കോഴിക്കോട് ജില്ലയിൽ ഒരു ചെറിയ അണ്ടർ പാസും രണ്ട് ലൈറ്റ് അണ്ടർപാസും രണ്ട് ഓവർ പാസും ഉണ്ടാകും. കൂടാതെ രണ്ട് ചെറിയ പാലങ്ങളും ഒരു വലിയ പാലവും വരും. പെരുമണ്ണയിൽ അങ്ങാടിയെ കുറുകെ പിളർന്നാണ് പാത വരുന്നത്. ഇവിടെ ഒരു ഫ്‌ളൈഓവർ വരുമെന്ന് സൂചനയുണ്ട്.
മലപ്പുറം ജില്ലയിൽ കാരക്കുന്ന് മുതൽ വാഴയൂർ വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 1,627 കോടി രൂപയാണ് ഇതിനു കണക്കാക്കുന്നത്. ടെൻഡർ നവംബർ 30ന് തുറക്കും. കാരക്കുന്ന് മുതൽ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര വരെയുള്ള 26.490 കി.മീ ദൂരത്തിന്റെ ടെൻഡർ നടപടികൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. 942.49 കോടി രൂപയാണ് ചെലവ്. വാഴയൂർ മുതൽ കാരക്കുന്ന് വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ രണ്ടു വലിയ പാലങ്ങളും രണ്ടു ചെറിയ പാലങ്ങളും വരും. രണ്ടു വലിയ അണ്ടർപാസുകളും ഒരു ഓവർ പാസും വരും. കൂടാതെ ഒരു ടോൾ പ്ലാസയും ഈ ഭാഗത്തിനിടയിൽ വരും. മൂന്നു ജില്ലകളിലായി 547 ഹെക്ടറാണ് പാതയ്ക്കായി ഏറ്റെടുക്കുക.
ഭൂമിയും കൃഷിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള യോഗം കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലും മണ്ണാർക്കാട് കോട്ടോപ്പാടത്തും നടന്നിരുന്നു. ഓരോ മേഖലയിലും യോഗം വിളിച്ചുകൂട്ടിയ ശേഷമാണ് സർവേയും കുറ്റിയടിക്കലും നടത്തുന്നത്. കോൺക്രീറ്റ് കുറ്റി പിഴുതുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."