സന്തോഷത്തിൽ ഒന്നാമത് ഈ ഗൾഫ് രാജ്യം
കുവൈത്ത് സിറ്റി: സന്തോഷത്തിൽ ഒന്നാമതുള്ള ഗൾഫ് രാജ്യമാണ് കുവൈത്ത് എന്നാൽ ഗൾഫ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യവും കുവൈത്താണ്. ഏറ്റവും പുതിയ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 13ാം സ്ഥാനത്താണ് കുവൈത്ത്.
മികച്ച സാമ്പത്തിക ഭദ്രതയുള്ള സഊദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് കുവൈത്ത് കുതിച്ചത്. രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നുണ്ടെങ്കിലും ജനങ്ങള്‍ സന്തോഷവാന്‍മാരാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ് ആണ്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്. അയല്‍ക്കാരായ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ് എന്നിവയും തങ്ങളുടെ ഉയര്‍ന്ന സ്ഥാനം നിലനിര്‍ത്തി.
യുഎന്‍ സ്‌പോണ്‍സര്‍ ചെയ്ത സൂചികയില്‍ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ ഇത്തവണ താഴേക്ക് പോയി. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അസന്തുഷ്ടിയാണ് കാരണം. പത്ത് വര്‍ഷത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന സൂചികയില്‍ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും ആദ്യ 20ല്‍ നിന്ന് പുറത്തായി.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ സെര്‍ബിയ, ബള്‍ഗേറിയ, ലാത്വിയ രാജ്യങ്ങളില്‍ സന്തോഷം ഇത്തവണ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2020ല്‍ താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ മാനുഷിക ദുരന്തത്താല്‍ വലയുന്ന അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്ത് തുടര്‍ന്നു.
പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഉദാരത, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 143 രാജ്യങ്ങളിലെ ആളുകള്‍ക്കിടയില്‍ സര്‍വേ നടത്തി. പൂജ്യം മുതല്‍ 10 വരെയുള്ള സ്‌കെയിലില്‍ അവരുടെ ജീവിതം വിലയിരുത്താനാണ് സര്‍വേ ആവശ്യപ്പെട്ടിരുന്നത്. മാര്‍ച്ച് 20 ന് അന്താരാഷ്ട്ര സന്തോഷദിനത്തോട് അനുബന്ധിച്ചാണ് സൂചിക പ്രസിദ്ധപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."