കൊവിഡ് നിയന്ത്രണ നിബന്ധനകള്‍ മന്ത്രി പറഞ്ഞതല്ല ഉത്തരവിലെന്ന് പ്രതിപക്ഷം; മാറ്റംവരുത്തില്ലെന്ന് മന്ത്രി
സര്‍ക്കാര്‍ കേരളത്തെ 'ഫൈന്‍' സിറ്റിയാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
പ്രായോഗികമായ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയതെന്നും മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.സി വിഷ്ണുനാഥും ക്രമപ്രശ്‌നമായാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കടകളിലെത്തുന്നവര്‍ കൊവിഡ് ടെസ്റ്റ് റിസല്‍റ്റ് അല്ലെങ്കില്‍ വാക്‌സിനെടുത്തതിന്റെ രേഖ കൈയില്‍ കരുതണമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഒരു വശത്ത് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. രണ്ടു കിലോ അരി വാങ്ങാന്‍ 500 രൂപയുടെ ആര്‍.ടി-പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടയില്‍ പോകേണ്ട അവസ്ഥയാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരങ്ങേറുന്നുവെന്നും 42 ശതമാനം പേര്‍ മാത്രം വാക്‌സിനെടുത്ത കേരളത്തില്‍ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് നടപ്പാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടി പുറത്തിറങ്ങാനാകില്ല. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാണമെന്നു പറയുന്നതിനാല്‍ ജോലിക്കു പോകാന്‍ ഇറങ്ങുന്നവരെ പിടിച്ച് പൊലിസ് പിഴ ഈടാക്കും.
എട്ടും പത്തും കോടി പിരിക്കണമെന്ന് പൊലിസിനു നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ കേരളത്തെ ഒരു 'ഫൈന്‍ ' സിറ്റിയാക്കി മാറ്റിയിരിക്കുകയാണ്. ജനത്തെ കഷ്ടപ്പെടുത്തിയും പട്ടിണിക്കിട്ടും ഇനിയും മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."