ചാക്കില്‍ സ്നേഹം നിറച്ച് നല്‍കിയവരും പെരുവഴിയില്‍
സുനി അല്‍ഹാദി
നൗഷാദിനെ ഓര്‍ക്കുന്നില്ലേ. 2018ലെ പ്രളയകാലത്ത് സഹായ അഭ്യര്‍ഥനയുമായി തന്റെ കടയിലെത്തിയവര്‍ക്ക് വില്‍ക്കാന്‍വച്ചിരുന്ന കുഞ്ഞുടുപ്പുകളും മുതിര്‍ന്നവരുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റുമൊക്കെ ചാക്കില്‍ നിറച്ച് സൗജന്യമായി നല്‍കിയ എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിനെ. നൗഷാദിന്റെ സല്‍ക്കര്‍മം കേട്ടറിഞ്ഞ് സഊദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ സഹായമെത്തി. സഹായങ്ങളൊക്കെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വീണ്ടും മാതൃക സൃഷ്ടിച്ചു. ഇന്ന് കൊവിഡ് പ്രതിസന്ധിയില്‍ കടയിലേക്ക് ചരക്ക് എടുക്കാന്‍പോലും കഴിയാതെ നട്ടംതിരിയുകയാണ് അദ്ദേഹം.
കൊവിഡ് പ്രതിസന്ധിക്കുമുമ്പ് ഒരുദിവസം 12,000 രൂപയുടെ വരെ കച്ചവടം ഇവിടെ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 300ഉം 400ഉം ഒക്കെയായി. മറ്റ് കച്ചവടക്കാര്‍ തുറക്കുന്നതുപോലെ ആഴ്ചയില്‍ ആറുദിവസവും വഴിയോര കച്ചവടം നടത്താം. എന്നാല്‍ ഇപ്പോള്‍ ചരക്ക് ലഭിക്കാത്ത അവസ്ഥകൂടിയുണ്ട്. സാധാരണഗതിയില്‍ ഏജന്റുമാരും ഇവര്‍ക്ക് സാധനങ്ങളെത്തിക്കാറുണ്ട്. എന്നാല്‍ ഏജന്റുമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് പലയിടത്തും. അടിക്കടിയുള്ള പ്രാദേശിക ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനമാണ് ഇവരെ തളര്‍ത്തുന്നത്. കടംവാങ്ങി ചരക്കെടുക്കാന്‍ കരുതിവയ്ക്കുന്ന പണമൊക്കെ മറ്റ് അത്യാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. വഴിയോരക്കച്ചവടക്കാരുടെ വീടുകളില്‍ അടുപ്പുപുകയാത്ത ദിവസങ്ങളാണ് ഏറെയും. പ്രതിസന്ധിക്കാലത്ത് കേരളത്തിന് കൈത്താങ്ങായിരുന്നവര്‍ ഒരു കൈത്താങ്ങ് പ്രതീക്ഷിക്കുന്നു.
കൊഴിഞ്ഞുപോയവരും
ചേക്കേറിയവരുമേറെ
കൊവിഡില്‍, പരമ്പരാഗതമായി വഴിയോര കച്ചവടം നടത്തിയിരുന്നവരില്‍ നിരവധിപേര്‍ ഇതുപേക്ഷിച്ചപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ഇവിടേക്ക് വന്നവരുണ്ട്. പ്രവാസികളുള്‍പ്പെടെയുള്ളവരുമുണ്ട് കൂട്ടത്തില്‍. പച്ചക്കറി, മാസ്‌ക്, തുണിത്തരങ്ങള്‍, ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, തേങ്ങ, കപ്പ, ചിപ്‌സ് തുടങ്ങി എല്ലാം വഴിയോരങ്ങളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. അധികം മുതല്‍മുടക്കില്ലാതെ വാഹനങ്ങളിലും മറ്റും കച്ചവടം നടത്താമെന്നതും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
എന്നാല്‍ സാധനം വിറ്റുപോകാതെ കേടുവരുന്നതാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി. ചിലയിടങ്ങളില്‍ പൊലിസിന്റെ ഇടപെടലും പ്രതിസന്ധിയുണ്ടാക്കുന്നു. അഞ്ചരലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് നിരത്തുകളില്‍ കച്ചവടം നടത്തുന്നത്. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇത് താഴേത്തട്ടില്‍ പ്രാവര്‍ത്തികമാകാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. മഹാമാരിക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് വെറും ആയിരം രൂപയുടെ സഹായമാണ്. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് തുക നല്‍കിയത്. ഈ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ഫലപ്രദമായ അടിയന്തരനടപടി വേണമെന്ന ആവശ്യം ശക്തമാണ്. കച്ചവടം പുനരാരംഭിക്കാന്‍ പലിശരഹിത വായ്പ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ് പ്രദീപ് കുമാര്‍ പറഞ്ഞു. നിയമം താഴേത്തട്ടില്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇവരുടെ പരിരക്ഷ ഉറപ്പുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബസ് ഓടുന്നെങ്കിലും ഉടമ
കിണര്‍ പണിക്കാരനായി
കൊവിഡ് കാലം കിണര്‍ പണിക്കാരനാക്കിയ ഒരു സ്വകാര്യബസ് ഉടമയുടെ നൊമ്പരമാണ് പറയാനുള്ളത്. 18 വര്‍ഷമായി കണ്ണൂരില്‍ സ്വകാര്യബസ് സര്‍വിസ് നടത്തുന്ന 38കാരനായ അശോകന്‍ കഴിഞ്ഞ രണ്ടുമാസമായി കിണര്‍ കുഴിക്കാന്‍ പോകുന്നു. 2020ല്‍ കൊവിഡ് ലോക്ക്ഡൗണ്‍ മുതല്‍ ബസ് ഓടുന്നില്ല. മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചെലവും കണ്ടെത്താന്‍ പാടുപെടുന്നതിനിടെയാണ് പണം കടംവാങ്ങി അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും നിരത്തിലിറക്കിയാലോ എന്നാലോചിച്ചത്. കട്ടപ്പുറത്തായ ബസിന് ദിവസവും അറ്റകുറ്റപ്പണി വന്നതും ഇതിന് കാരണമായി.
ഒന്നരലക്ഷം കടംവാങ്ങി ബാറ്ററിയും ടയറുമൊക്കെ മാറ്റി. പെയിന്റടിച്ച് ബസ് നിരത്തിലിറക്കി. എന്തെങ്കിലും മിച്ചംകിട്ടുമെന്നായിരുന്നു പ്രതീക്ഷ. അശോകന്‍ തന്നെയാണ് ബസ് ഓടിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ബസ് ഓടിക്കാന്‍ ഒരു ഡ്രൈവറെ കണ്ടെത്തി.
സംസ്ഥാനത്ത് അഞ്ച് ശതമാനം ബസുകള്‍ക്ക് മാത്രമാണ് നഷ്ടവും ലാഭവുമില്ലാതെ സര്‍വിസ് നടത്താനാവുന്നത്. ലാഭം കിട്ടിയില്ലെങ്കിലും ബസ് നിരത്തിലോടുന്നുണ്ടല്ലോ എന്ന ആത്മവിശ്വാസം മാത്രമാണ് ഇവര്‍ക്കുള്ളത്. ബസ് മറിച്ച് വില്‍ക്കാമെന്ന് വിചാരിച്ചാല്‍ വാങ്ങാനാളില്ല. പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് വണ്ടി പൊളിച്ച് വിറ്റവരും നിരവധി. ഒന്നേകാല്‍ ലക്ഷംരൂപയാണ് എത്ര വിലകൂടിയ വണ്ടിയായാലും പൊളിച്ചുവില്‍ക്കുമ്പോള്‍ കിട്ടുന്നത്. കണ്ണൂരില്‍ മാത്രം 25 വണ്ടികളാണ് പൊളിച്ചുവിറ്റത്. സംസ്ഥാനത്ത് മൊത്തം 500ല്‍പരം വണ്ടികള്‍ പ്രതിസന്ധി തരണം ചെയ്യാനാകാതെ പൊളിച്ചുവിറ്റു. ഒന്നരവര്‍ഷമായി സി.സി അടക്കാന്‍ കഴിയാതെ കുഴങ്ങുന്നവരും നിരവധി. പലരുടെയും തിരിച്ചടവ് പലിശ ഇരട്ടിച്ച് ലക്ഷങ്ങള്‍ കവിഞ്ഞു. ഫിനാന്‍സ് കമ്പനിയുടെ സഹായത്തോടെ നിരത്തിലിറക്കിയ ഒന്നിലേറെ ബസുകളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്.
വഴിയോരക്കച്ചവടം, റോഡ് പണി, മത്സ്യക്കച്ചവടം, വാര്‍ക്കപ്പണി... കൊവിഡ് കാലം ബസുടമകള്‍ക്ക് ജീവനക്കാര്‍ക്കും പരിചയപ്പെടുത്തിയ ജോലികള്‍ ഇനിയുമുണ്ട് . ഇവര്‍ക്കൊക്കെ ഒന്നേ പറയാനുള്ളൂ, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ രാജാമണിയെപ്പോലെയോ ഉല്ലാസിനെപ്പോലെയോ ആത്മഹത്യചെയ്യില്ല; എന്ത് പണിയെടുത്തും ജീവിക്കും.
ഓട്ടം നിര്‍ത്തിയത് 9,000 ബസുകള്‍
2020 ല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് സര്‍വിസ് നടത്തിയിരുന്നത് 12,500 സ്വകാര്യ ബസുകളാണ്. എന്നാല്‍ പിന്നീടിങ്ങോട്ട് റോഡ് ടാക്‌സും ഇന്‍ഷുറന്‍സുമൊക്കെ ഒഴിവാക്കാന്‍ ജി ഫോം നേടി ഓട്ടം നിര്‍ത്തിയത് 9,000 ബസുകള്‍. 3,500 ബസുകള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ബസ് ഓട്ടം നിലച്ചപ്പോള്‍ ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലായി. ഏതാണ്ട് അറുപതിനായിരം പേരാണ് ദുരിതത്തിലായത്. കൊടുംദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ വ്യവസായത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. ഡീസല്‍വില കുതിച്ചുയര്‍ന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഒരു ലിറ്റര്‍ ഡീസലിന് 67 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 97 രൂപയായി.
കെ.എസ്.ആര്‍.ടിസിയെക്കാളും മൂന്നിരട്ടി ജീവനക്കാര്‍ സ്വകാര്യമേഖലയിലുണ്ട്. എന്നാല്‍ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. കൊവിഡ് നിയന്ത്രണകാലത്ത് കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോള്‍ ചെറിയ നിയമലംഘനത്തിനുപോലും സ്വകാര്യബസുകള്‍ക്ക് വന്‍പിഴ ഈടാക്കുന്നു. നാലും അഞ്ചും യാത്രക്കാരുമായി ഓടുന്ന ബസുകളുമുണ്ട്. സ്വകാര്യമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ വേണം. മിനിമം ചാര്‍ജ് പത്തുരൂപയാക്കുന്നതുള്‍പ്പെടെ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുകയും റോഡ് ടാക്‌സ് ഒഴിവാക്കുകയും വേണമെന്നും ലോറന്‍സ് ബാബു ആവശ്യപ്പെട്ടു.
സാമ്പത്തിക അടിത്തറ തെറ്റിയവരാണ് ഓട്ടം നിര്‍ത്തിയ ബസുടമകളിലേറെയും. മറ്റ് സമ്മര്‍ദങ്ങള്‍ കൂടിവരുമ്പോഴാണ് ആത്മഹത്യയിലേക്ക് തിരിയുന്നത്. 40 ലക്ഷം രൂപ ചെലവാക്കി ബസ് നിരത്തിലിറക്കിയവര്‍ ഒരുരൂപ പോലും വരുമാനമില്ലാതെ ഓരോ ദിവസവും തള്ളിനീക്കുന്നു. തിരിച്ചടവ് മുടങ്ങിയിട്ടും വാഹനം പിടിച്ചെടുക്കാന്‍ ഇപ്പോള്‍ ഫിനാന്‍സ് കമ്പനി തയാറാകുന്നില്ല. വാഹനം തിരിച്ചെടുത്തിട്ട് പ്രയോജനമില്ലെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."