രേഖയില്ലെങ്കിലും കടയില്‍ തടയില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രേഖയില്ലെങ്കിലും ഇനി കടയില്‍ പ്രവേശിക്കാം. അശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്കും എസ്.പിമാര്‍ക്കും നിര്‍ദേശം നല്‍കി. വാക്‌സിന്‍ എടുക്കാത്തവരോ ആര്‍.ടി-പി.സി.ആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു പൊലിസ് തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്കും എസ്.പിമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ജനങ്ങളെ വെറുപ്പിച്ചു മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണു സര്‍ക്കാര്‍. ഓണക്കാലത്തു കടുംപിടിത്തത്തിനു പോയാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ സുപ്രിംകോടതി നേരത്തേ വിമര്‍ശിച്ച സാഹചര്യത്തിലാണു കടുത്ത നിബന്ധനകളോടെ ഉത്തരവിറക്കിയത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു ജില്ലാ കലക്ടര്‍മാര്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചു. പൊലിസും ഇതേ അഭിപ്രായമാണ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണു തല്‍ക്കാലം കര്‍ശന പരിശോധനകള്‍ വേണ്ടെന്നു പൊലിസിനും കലക്ടര്‍മാര്‍ക്കും വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം, സുപ്രിം കോടതിഇടപെട്ടതിനാല്‍ ഉത്തരവ് തിരുത്തേണ്ട എന്നാണ് തീരുമാനം.
കടകളില്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പൊലിസ് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തവരാണോ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധിക്കും. അതേ സമയം, കടകള്‍ക്കു പുറമേ ബാങ്കുകളില്‍ പോകാനും സമാന നിബന്ധനയുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പരിശോധന അപ്രയോഗികമാണെന്ന വസ്തുത സര്‍ക്കാര്‍ നേതൃത്വത്തിന് ബോധ്യമുണ്ടെങ്കിലും അതില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."