സഭാ ആസ്ഥാനത്തെ ചടങ്ങ്: കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പൊലിസ്; വിമര്‍ശിച്ച് ശ്രീധരന്‍പിള്ള
കോട്ടയം: കൊവിഡ് സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് അറിയിച്ച ജില്ലയിലെ പൊലിസ് നടപടിയെ വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. ഉദ്യോഗസ്ഥര്‍ കുറെക്കൂടി വിശാലവീക്ഷണം പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ദേവലോകത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയില്‍ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജില്ലയില്‍ നിന്നും ഗോവ രാജ്ഭവനിലേക്ക് കത്ത് എത്തിയിരുന്നു.
ദേവലോകത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുയോജ്യമല്ലെന്നാണ് കത്തില്‍ എഴുതിയിരുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഓഫിസാണ് സാധാരണ കത്തുകള്‍ക്ക് മറുപടി നല്‍കുന്നത്. സഭാ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന മറുപടി താന്‍ പറഞ്ഞു അയപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേവലോകം കാതോലിക്കേറ്റ് അരമന ഉള്‍പ്പെടുന്ന വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റെ് സോണ്‍ ആയതിനാല്‍ ഗവര്‍ണറുടെ ഓഫിസിനെ വിവരം അറിയിക്കുകയാണ് ചെയ്തതെന്ന് ജില്ലാ പൊലിസ് മേധാവി ഡി. ശില്പ പറഞ്ഞു.
ഗവര്‍ണറുടെ എ.ഡി.സിയെ അറിയിച്ചപ്പോള്‍ ഇക്കാര്യം കത്തായി നല്കാന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കത്ത് അയച്ചത്. വ്യാഴാഴ്ച രാത്രിയോടെ ദേവലോകം വാര്‍ഡിനെ മൈക്രോ കണ്ടെയ്ന്‍മെന്റെ് സോണില്‍ നിന്നും ഒഴിവാക്കി.
ഇക്കാര്യവും ഗവര്‍ണറുടെ ഓഫിസിനെ അറിയിച്ചു. സ്ഥലത്തെ സാഹചര്യം ജില്ലയില്‍ എത്തുന്ന വിശിഷ്ട വ്യക്തികളുടെ ഓഫിസിനെ അറിയിക്കുകയെന്നത് ജില്ലാ പൊലിസ് മേധാവി എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും ഡി. ശില്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."